ടെൽ അവീവ് : ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെത്തി. ഗാസയിൽ നിന്നുമാണ് ഇസ്രയേൽ സൈന്യം ബന്ദികളുടെ മൃതദേഹം കണ്ടെത്തിയത്. ജർമ്മൻ പൗരയായ ടാറ്റൂ ആർട്ടിസ്റ്റ് ഷാനി ലൂക്കിൻ്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് കണ്ടെത്തിയിട്ടുള്ളത്.
ഇസ്രായേലിൽ ഭീകരാക്രമണം നടത്തി ബന്ദികൾ ആക്കിയവരോട് ഹമാസ് കാണിച്ച ക്രൂരതകൾ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തിയ കാഴ്ചയായിരുന്നു ബന്ദിയാക്കിയ ഷാനി ലൂക്കിന്റെ ശരീരം ഒരു
പിക്കപ്പ് ട്രക്കിൻ്റെ പിന്നിൽ വളച്ചൊടിച്ച നിലയിൽ ഹമാസ് ഭീകരർ പ്രദർശിപ്പിച്ചിരുന്നത്. 22 വയസ്സുള്ള ടാറ്റൂ ആർട്ടിസ്റ്റ് ഷാനി തെക്കൻ ഇസ്രായേലിൽ നടന്ന സംഗീതനിശയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഗാസ അതിർത്തിക്കടുത്തുള്ള നോവ മ്യൂസിക് ഫെസ്റ്റിവലിനിടയിൽ വെച്ച് ഹമാസ് ഷാനി ലൂക്കിനെ ബന്ദിയാക്കി പലസ്തീനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഗാസയിൽ നിന്നും കണ്ടെത്തിയ മറ്റ് രണ്ട് മൃതദേഹങ്ങൾ 28 കാരിയായ അമിത് ബുസ്കിലയുടെയും 56 കാരിയായ ഇറ്റ്സാക്ക് ഗെലറെൻ്റർ എന്ന സ്ത്രീയുടെയും മൃതദേഹങ്ങളാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഷാനി ലൂക്കിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ വാർത്ത ഹൃദയഭേദകമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു. ഇസ്രായേലിൽ നിന്നും ബന്ദികൾ ആക്കി കൊണ്ടു പോയി പലസ്തീനിൽ വച്ച് ഹമാസ് ഭീകരർ കൊലപ്പെടുത്തിയ എല്ലാവരുടെയും മൃതദേഹ അവശിഷ്ടങ്ങൾ അവരുടെ കുടുംബങ്ങളെ ഏൽപ്പിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
Discussion about this post