ന്യൂഡൽഹി : രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്തും എന്ന് സൂചന. 2024 ടി20ലോകകപ്പിന് ശേഷം ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദ്രാവിഡിന് പകരമായി ബിസിസിഐ ഗൗതം ഗംഭീറിനെ പരിഗണിക്കുമെന്നാണ് ഇഎസ്പിഎൻ ക്രിക്കറ്റ് ഇൻഫോ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നിലവിൽ ഐപിഎൽ ടീം ആയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി പ്രവർത്തിക്കുകയാണ് ഗൗതം ഗംഭീർ. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കൊൽക്കത്ത ഇത്തവണത്തെ ഐപിഎല്ലിൽ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. പ്ലേ ഓഫിലെത്തിയ ആദ്യ ടീമും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്. നേരത്തെ ലഖ്‌നൗ സൂപ്പർ ജെയ്ന്റ്സ് ടീമിന്റെ മെന്റർ ആയതിനുശേഷം ആണ് ഗംഭീർ കൊൽക്കത്തയിലേക്ക് എത്തിയിരുന്നത്.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മൂന്നു ഫോർമാറ്റുകൾക്കും ഒരു പരിശീലകൻ തന്നെ ആയിരിക്കും എന്ന് നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. മൂന്നര വർഷത്തേക്ക് ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകന് ചുമതല നൽകുന്നത്.
Discussion about this post