മുംബൈ: ഫാഷൻ കാര്യത്തിൽ എപ്പോഴും ഒരുപടി മുന്നിലാണ് ശതകോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകൾ ഇഷ അംബാനി. അതുകൊണ്ട് തന്നെ 2024 മെറ്റ്ഗാല വേദിയിൽ ഏവരും ആകാംഷയോടെ പ്രതീക്ഷിച്ചിരുന്ന മുഖമാണ് ഇഷയുടേത്. മനോഹരമായ ഒരു സാരി ഗൗൺ ആയിരുന്നു മെറ്റ് ഗാലയിൽ പങ്കെടുക്കാനായി ഇഷയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്.
കടുത്ത പനി ബാധിച്ചത് മൂലം ഇഷയ്ക്ക് മെറ്റ്ഗാലയിൽ പങ്കെടുക്കാനായിരുന്നില്ല. എങ്കിലും ഇഷയുടെ ഗൗൺ ഇപ്പോൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഗൗൺ ധരിച്ചുകൊണ്ടുള്ള ഇഷയുടെ ചിത്രങ്ങൾ ഇഷയുടെ മേക്ക്അപ്പ് ആർട്ടിസ്റ്റ് തൻവി ചെമ്പുർക്കർ പങ്കുവച്ചിരുന്നു. ‘മെറ്റ്ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു തൻവി ഇഷയുടെ ചിത്രങ്ങൾ പങ്കുവച്ചത്.
രാഹുൽ മിശ്രയാണ് ഗൗൺ ഡിസൈൻ ചെയ്തത്. പതിനായിരം മണിക്കൂർ എടുത്തായിരുന്നു ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ തയ്യാറാക്കിയത്. 2013 മുതലുള്ള എംബ്രോയിഡറി വർക്കുകളെല്ലാം ഈ ഗൗൺ നിർമ്മാണത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് തൻവി പറയുന്നു. പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിലുള്ളതാണ് ഈ ഗൗൺ ഒരുക്കിയിരിക്കുന്നത്. നിരവധി പൂക്കളും പൂമ്പാറ്റകളുമെല്ലാം ഈ ഗൗണിൽ ഇടംപിടിച്ചിട്ടുണ്ട്. വ്യത്യസ്തമായ എംബ്രോയിഡറി ടെക്‌നിക്കുകളാണ് ഈ ഔട്ട്ഫിറ്റ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
Discussion about this post