തീവ്രവാദത്തോടുള്ള രാഷ്ട്രീയ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. കേരളത്തില്‍ നിന്ന് കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകളോടുള്ള പ്രതികരണമായാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തിയറ്റര്‍ കത്തിക്കല്‍ മുതല്‍, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ പോസ്റ്ററൊട്ടിക്കല്‍…മദനിയുടെ ഐഎസ്എസ് രൂപീകരണം, എന്‍ഡിഎഫിന്റെ ഉദയം, വിഎസിനെ കണ്ടാല്‍ എഴുന്നേല്‍ക്കാത്ത പിണറായി വിജയന് മദിനിയെ എഴുന്നേറ്റ് ആശ്ലേഷിച്ചത്. ലീഗിന്റെ എന്‍ഡിഎഫ് അനുകൂല നിലപാട്. ഐഎസ് വിഷയത്തില്‍ ഇപ്പോള്‍ സാംസ്ക്കാരിക നായകന്മാരുടെ മൗനം എന്നിങ്ങനെ ശക്തമായ വിമര്‍ശനമാണ് ജയശങ്കര്‍ മുന്നോട്ട് വെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കള്ളവും ചതിയുമില്ലാത്ത കരുണാകരന്റെ ഭരണകാലത്താണ് മലപ്പുറം ജില്ലയില്‍ ഓലമേഞ്ഞ സിനിമാ തിയേറ്ററുകള്‍ ഒന്നൊന്നായി കത്തിയത്. അന്ന് അതാരും അത്ര ഗൗരവത്തില്‍ എടുത്തില്ല. അധികം വൈകാതെ ഒരുകൂട്ടര്‍ ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മതിലുകളില്‍ എഴുതി നിര്‍വൃതി അടഞ്ഞു.
കരുണാകരന്റെ അടുത്ത ഭരണമാകുമ്പോഴേക്കും ഐ.സി.എസ്. അബ്ദുല്‍ നാസര്‍ മദനി ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. പൂന്തുറയിലും മട്ടാഞ്ചേരിയിലും കൊല്ലം ജില്ലയിലെ പല പ്രദേശങ്ങളിലും ചില്ലറ കലാപങ്ങള്‍ ഉണ്ടായി. പത്രങ്ങള്‍ സംയമനം പാലിച്ചു. മറ്റു അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഐ.എസ്.എസ്. പിരിച്ചുവിട്ടു പി.ഡി.പി. രൂപീകരിച്ചപ്പോള്‍ സഖാവ് ഇ.എം.എസ്. മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചു. യൂണിയന് ലീഗ് വര്‍ഗീയം, നാഷണല്‍ ലീഗ് ദേശീയം എന്ന് സിദ്ധാന്തിച്ചു.
ഇ.കെ.നായനാരുടെ മൂന്നാമത്തെ ഭരണകാലത്തു മദനിയെ തമിഴ് നാടിനു പിടിച്ചുകൊടുത്തു. മുന്‍പ് ഐ.എസ്.എസുകാര്‍ ചെയ്തിരുന്ന സത്കര്‍മ്മങ്ങള്‍ എന്‍.ഡി.എഫുകാര്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. വോട്ടിനുവേണ്ടി മുസ്ലിം ലീഗ് എന്‍.ഡി.എഫിന് കുടപിടിച്ചു. ആന്റണിയുടെ കാലത്തു ലീഗിന്റെ പിന്തുണയോടെ എന്‍.ഡി.എഫ്. മാറാട് കൂട്ടക്കൊല സംഘടിപ്പിച്ചു.
അച്ചുതാനന്ദന്റെ ഭരണകാലത്തു പ്രൊഫ. ജോസഫിന്റെ കൈവെട്ടി. അതിനുശേഷം ലീഗ് എന്‍.ഡി.എഫിനെ തള്ളിപ്പറഞ്ഞു നേരസ്ഥത തെളിയിച്ചു. മാര്‍ക്സിസ്റ്റുകാര്‍ പി.ഡി.പി.ക്കാരനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കി. ശംഖുമുഖത്തു അച്ചുതാനന്ദനെ കണ്ടിട്ട് എഴുന്നേല്‍ക്കാഞ്ഞ പിണറായി വിജയന് എടപ്പാളില്‍ മദനി വന്നപ്പോള്‍ എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
അങ്ങനെ ഘട്ടം ഘട്ടമായി സംസ്ഥാനത്തു മതേതരത്വം ശക്തിപ്പെട്ടു. ഓരോ തവണയും നിയമപാലകര്‍ സംയമനം പാലിച്ചു. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ സര്‍ഗാത്മക പ്രതിരോധത്തെക്കുറിച്ചു സഖാവ് കെ.ഇ.എന്‍. ലേഖനങ്ങള്‍ പാസാക്കി.
ഇപ്പോഴിതാ കാസര്‍ഗോട്ടുനിന്നും പാലക്കാട്ടുനിന്നും ചിലര്‍ ഇറാഖിലേക്ക് ജിഹാദിന് പോയിരിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്തെ മൊത്തം യഹൂദി നസ്രാണികളെയും വകവരുത്തി ദാറുല്‍ ഇസ്ലാം സ്ഥാപിക്കലാണ് ലക്ഷ്യം. സേവന വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാണ്. ജയിച്ചാല്‍ ഇസ്ലാമിക രാജ്യം, മരിച്ചാല്‍ സ്വര്‍ഗ്ഗരാജ്യം.
കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നതിനു തെളിവില്ല എന്നാണ് ഡി.ജി.പി. അദ്ദേഹത്തിന്റെ നിലപാട്. മുഖ്യമന്ത്രി പ്രശ്!നം പഠിക്കുന്നേയുള്ളു. സാംസ്കാരിക നായകര്‍ ആരും പ്രതികരിച്ചുകേട്ടില്ല. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും മടങ്ങി വരുന്ന ജിഹാദികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് മാധ്യമവും തേജസും ഉടന്‍ മുഖപ്രസംഗം എഴുതും. കാസര്‍ഗോട്ടുനിന്നും പോയവരെ ഡോ.അനന്ത മൂര്‍ത്തിയോട് ഉപമിക്കാന്‍ കെ.ഇ.എന്നും മടിക്കില്ല.
Discussion about this post