തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷ സ്ഥാനം അനുവദിക്കുന്നതിനായി നിയമസഭാ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍ സഭ പാസാക്കി. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
എം.എല്‍.എ പദവിയിലിരിക്കെ ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷസ്ഥാനത്തേക്ക് വി.എസിനെ പരിഗണിക്കുമ്പോള്‍ ഇരട്ടപ്പദവി പ്രശ്നം ഉണ്ടാവാതിരിക്കാനാണ് ആദായകരമായ പദവിയുടെ പരിധിയില്‍ നിന്ന് ഇതിനെ ഒഴിവാക്കുന്നത്. 1951-ലെ മൂലനിയമത്തിലാണ് ഭേദഗതി വരുത്തിയത്. നേരത്തെ ചര്‍ച്ചയ്ക്കെടുത്ത ബില്‍ സബജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ബില്‍ പാസാക്കിയത്. ഇനി മന്ത്രിസഭ യോഗം ചേര്‍ന്ന് ഭരണ പരിഷ്കാര കമ്മിഷനിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കും. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ് നന്പൂതിരിപ്പാടും ഇ.കെ.നായനാരും ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന്മാരായിട്ടുണ്ട്.
വി.എസിനായി ഇരട്ടപ്പദവി നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ പ്രതിപക്ഷം എതിര്‍ത്തു. ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ടി.ബല്‍റാം, വി.എസ് പദവി ഏറ്റെടുക്കില്ലെന്നാണ് കരുതുന്നതെന്ന് പറഞ്ഞു.
Discussion about this post