തിരുവനന്തപുരം: അഡ്വ.എം.കെ.ദാമോദരനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് രംഗത്ത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരന്റെ പ്രതികരണം എന്നും വി എസ് പറഞ്ഞു. ദാമോദരന്‍ സ്ഥാനം നല്‍കുന്നത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോടതിയെ സമീപിച്ചതിനാണ് തനിക്കെതിരേ സംസാരിക്കുന്നത്. ഇത്തരം വാക്കുകള്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് എം കെ ദാമോദരന്‍ പറഞ്ഞ സാഹചര്യത്തിലാണ് വി എസ് ഇങ്ങനെ പ്രതികരിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്പതിനു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്ചുതാനന്ദന്റെ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്. ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും, പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് ദാമോദരന്‍ പറഞ്ഞത്.
റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ട് നല്ല അഭിഭാഷകയെന്ന് പറഞ്ഞ വിഎസ്, അവരെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്കിയ കാര്യവും സ്ഥിരീകരിച്ചു. എന്നാല്‍ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
Discussion about this post