ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അതിരമ്പുഴ ഐക്കരക്കുന്ന് അമ്മഞ്ചേരി റൂട്ടില്‍ പൈനയില്‍ ലൂക്കാ ജോസഫിന്റെ പുരയിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്. കൈപ്പുഴ സ്വദേശിനി യുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം. ഇവര്‍ ഗര്ഭവതിയെന്നും പറയപ്പെടുന്നു.
ഇന്നലെ രാവിലെ പുരയിടത്തില്‍ റബര്‍ വെട്ടാന്‍ വന്ന ടാപ്പിങ് തൊഴിലാളി തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കുമാറാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വലിയ ചാക്കുകെട്ട് കണ്ടത്. കുമാര്‍ തെട്ടടുത്ത വീട്ടില്‍ വിവരം അറിയിച്ചു. അയല്‍ക്കാര്‍ ഇക്കാര്യം പഞ്ചായത്ത് മെമ്പറെയും, അദ്ദേഹം പൊലീസിനെയും അറിയിച്ചു. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഏറ്റുമാനൂര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
യുവതിയുടെ കഴുത്തില്‍ ചരട് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊന്നതാവാമെന്ന് സൂചന. മൃതദേഹത്തിന്റെ കഴുത്തുമുതല്‍ മുകളിലേക്ക് മുഖമാകെ കരുവാളിച്ച നിലയില്‍. മൂക്കില്‍നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. മൃതദേഹം കിടന്നതിന് സമീപമുള്ള റോഡിന്റെ മറുവശത്തുള്ള റബര്‍ തോട്ടത്തില്‍വച്ച് കൊലപ്പെടുത്തിയശേഷം ചാക്കില്‍കെട്ടി കൊണ്ടിട്ടതാവാമെന്നും പ്രാഥമിക നിഗമനം.
പോലീസ് നായ മണംപിടിച്ച് പിറകിലുള്ള വീടിന് സമീപംകൂടി സംഭവസ്ഥലത്തിന്റെ മുന്‍വശത്തുള്ള പറമ്പില്‍ എത്തിനിന്നു. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
കോട്ടയം എസ്പി രാമചന്ദ്രന്, എഎസ്പി എന്‍.കെ. റാവുത്തര്‍, ഡിവൈഎസ്പി വി. അജിത്, സിഐമാരായ നിര്‍മ്മല്‍ ബോസ്, സാജു വര്‍ഗീസ്, കെ.പി. തോംസണ്‍, എസ്ഐമാരായ അനൂപ് ജോസ്, അരുണ്‍, മനോജ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിള്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, ബ്ലോക്ക് മെമ്പര്‍ സജി തടത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം അബിതാ അജാസ് തുടങ്ങിയ ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിരുന്നു.
Discussion about this post