ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തു. ശനിയാഴ്ച ബെംഗളൂരുവില്‍ ആംനസ്റ്റി നടത്തിയ സെമിനാറിലേക്ക് കടന്നുകയറിയ കുറച്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും മുഴക്കിയെന്നാരോപിച്ചാണ് കേസ്. എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്.
രാജ്യദ്രോഹം, കലാപത്തിന് ആഹ്വാനം, നിയമവിരുദ്ധമായ കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചായിരുന്നു സെമിനാര്‍. കശ്മീരി പണ്ഡിറ്റുകളുടേതടക്കമുള്ള നിരവധി കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഏതെങ്കിലും വ്യക്തികള്‍ക്കെതിരേയല്ല പരിപാടിയുടെ സംഘാടകര്ക്കെതിരേയാണ് കേസെടുത്തതെന്ന് ബംഗലുരു പോലീസ് വ്യക്തമാക്കി. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
അതേസമയം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും പരിപാടി നടത്താന്‍ പോലീസിന്റെ അനുമതി തേടിയിരുന്നെന്നും ആംനസ്റ്റി ഇന്ത്യ അറിയിച്ചു. തങ്ങള്‍ ആരുടേയും പക്ഷം പിടിക്കുന്നില്ലെന്നും അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആംനസ്റ്റി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യാ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തത് വന്‍ വിവാദമായ സാഹചര്യത്തിലാണ് ആംനസ്റ്റിക്കെതിരേയും കേസെടുത്തിട്ടുള്ളത്.
Discussion about this post