ഷില്ലോങ്: ആസാം ബിജെപി നേതാവ് രത്നേശ്വര്‍ മോറന്റെ മകനും എംഎല്‍എ ബോളിന് ഛേത്തിയയുടെ അനവന്തരവനുമായ കുല്‍ദീപ് മോറനെ (27) ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. മോചിപ്പിക്കാന്‍ ഒരു കോടി നല്‍കണമെന്നാണ് ആവശ്യം. ആഗസ്റ്റ് ഒന്നു മുതല്‍ കുല്‍ദീപിനെ കാണാനില്ലായിരുന്നുവെങ്കിലും ഉള്‍ഫയാണ് പിന്നിലെന്ന് ഇപ്പോഴാണ് വെളിവായത്. യുവാവിനെ അരുണാചല്‍പ്രദേശില്‍ നിന്നാണ് തട്ടിയെടുത്തത്.
പച്ച ടീ ഷര്‍ട്ട് ധരിച്ച് മുട്ടുകുത്തി നില്ക്കുന്ന കുല്‍ദീപിനു ചുറ്റും അഞ്ചു ഭീകരര്‍ തോക്കു ചൂണ്ടി നില്‍ക്കുന്നതിന്റെ വീഡിയോ ഉള്‍ഫ പുറത്തുവിട്ടിട്ടുണ്ട്.
പിതാവിനോടും അമ്മാവന് ഛേത്തിയയോടും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോടും ജീവന് രക്ഷിക്കണമെന്ന് കേണപേക്ഷിക്കുന്നതും കാട്ടിലെവിടെയോ വച്ച് എടുത്ത വീഡിയോയിലുണ്ട്. മോചനദ്രവ്യമാവശ്യപ്പെടുന്ന വീഡിയോ ഇതാദ്യമായാണ് ഉള്‍ഫ പുറത്തുവിടുന്നത്.
വീഡിയോ ശരിയോയെന്നറിയില്ല. കുല്‍ദീപിന്റെ ജീവന് രക്ഷിക്കുന്നതിനാണ് മുന്‍ഗണന ആസാം പോലീസ് മേധാവി മുകേഷ് സഹായി പറഞ്ഞു. രത്നേശ്വറും ഛേത്തിയയും ഈ നിയമസഭാതെരഞ്ഞെടുപ്പിലാണ് ബിജെപിയില്‍ എത്തിയത്.
Discussion about this post