മുംബൈ : ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കാർ ഇപ്പോൾ ബോംബ് കേസിലെ പ്രതിയെ തോളിലേറ്റി നടക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളന യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ശിവസേന യുബിടി വിഭാഗത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
“മോദിയെ ജീവനോടെ കുഴിച്ചുമൂടും എന്നാണ് ഈ വ്യാജ ശിവസേനക്കാരുടെ സഖ്യം പറഞ്ഞത്. എന്നിട്ട് അവർ ചെയ്യുന്നത് എന്താണ്? ബീഹാറിൽ അവർ കാലിത്തീറ്റ മോഷ്ടാവിനെ തോളിലേറ്റി നടക്കുന്നു. മഹാരാഷ്ട്രയിൽ അവർ ബോംബ് കേസ് പ്രതിയെ ആണ് തോളിലേറ്റുന്നത്. ഏതാനും വോട്ടുകൾക്ക് വേണ്ടി ഏതു കുറ്റവാളിയെ പോലും കൂട്ടുപിടിക്കാൻ ഈ ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കും അവരുടെ നേതാക്കളായ കോൺഗ്രസിനും കഴിയുന്നു എന്നുള്ളത് അത്ഭുതകരമാണ്” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിനു വേണ്ടി 1993ലെ മുംബൈ സ്ഫോടന കേസ് പ്രതി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചത്. സ്ഫോടന കേസിൽ 10 വർഷം ജയിലിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഇഖ്ബാൽ മൂസ എന്ന ബാബ ചൗഹാൻ. പ്രതിപക്ഷ സഖ്യത്തിന്റെ നോർത്ത് വെസ്റ്റ് സ്ഥാനാർഥി അമോൽ കീർത്തിക്കറിന് വേണ്ടിയാണ് ഇൻഡി സഖ്യം ഇഖ്ബാൽ മൂസയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയിരുന്നത്.
Discussion about this post