തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു ഇടപാടിന്റെ രജിസ്‌ട്രേഷന്‍ ഫീസ്, മുദ്രവില എന്നിവയ്ക്കു സ്ലാബ് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ ബജറ്റില്‍ ഇവയ്ക്കു വരുത്തിയ മൂന്നു ശതമാനം വര്‍ധനയ്ക്കു പകരമാണു വസ്തുവിന്റെ വ്യാപ്തിയനുസരിച്ച് സ്ലാബ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തേതുപോലെ 1000 രൂപ നിശ്ചിതനിരക്കിലേക്കു മടങ്ങിപ്പോകില്ല.
ഇക്കാര്യത്തില്‍ താല്‍കാലികമായി എന്തെങ്കിലും സംവിധാനം കൊണ്ടുവരില്ല. ബജറ്റ് പാസാക്കാനായി നിയമസഭചേരുമ്പോഴേ ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരൂ. വര്‍ധന മൂലം ഭൂമി രജിസ്‌ട്രേഷനിലും മറ്റുമുണ്ടായ ഇടിവില്‍ രജിസ്‌ട്രേഷന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും അതൃപ്തിയിലാണ്.
കുടംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു ഇടപാടില്‍ കൊണ്ടുവന്ന വര്‍ധനയ്ക്ക് ആശ്വാസം കൊടുക്കാനാണു ധനമന്ത്രിയുടെ ആലോചന. അഞ്ച്, 10 സെന്റ് ഭൂമി ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നവര്‍ക്കു കാര്യമായ ഇളവു നല്‍കും. 50 സെന്റ് മുതല്‍ ഈ ഇടപാടിന് നിശ്ചയിച്ചിട്ടുള്ള രജിസ്‌ട്രേഷന്‍ ഫീസ്, മുദ്രവില എന്നിവയ്ക്കു സ്ലാബ് സമ്പ്രദായം കൊണ്ടുവരും. ഇതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം നിശ്ചയിക്കുമെന്നു വിഷയനിര്‍ണയസമിതിയില്‍ മന്ത്രി ഡോ: തോമസ് ഐസക് അറിയിച്ചു.
സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെങ്കിലും കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഒരു നീതീകരണവുമില്ലാതെ കൊണ്ടുവന്ന 1000 രൂപയെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ ചേരുമ്പോള്‍ നടക്കുന്ന വിഷയനിര്‍ണയസമിതിയില്‍ ഇതേക്കുറിച്ചു കൂടുതല്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം അറിയിച്ചു. ധനമന്ത്രിയുടെ നിലപാടിനോടു യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി വി.ഡി. സതീശനും മുസ്ലിം ലീഗ് അംഗം ടി.എ. അഹമ്മദ് കബീറും വിയോജിപ്പറിയിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ വര്‍ധന പിന്‍വലിക്കണമെന്ന് ഇന്നലെയും വിഷയനിര്‍ണയസമിതിയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ നിയമപരമായി ഇക്കാര്യം ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നു മന്ത്രി ഐസക് വ്യക്തമാക്കി. ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ഒരുമാസം കഴിയുമ്പോള്‍ ബജറ്റ് പാസാക്കാന്‍ നിയമസഭ ചേരണം. അപ്പോള്‍ ഇതേക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യാം. അതിനിടെ താല്‍കാലിക സംവിധാനം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ രജിസ്‌ട്രേഷന്‍ ഫീസിലും മുദ്രവിലയിലും കൊണ്ടുവന്ന വര്‍ധന സര്‍ക്കാരിന് ഒരുതരത്തിലും ഗുണം ചെയ്യുന്നതല്ലെന്നു സതീശന്‍ വ്യക്തമാക്കി. ഇത് അഞ്ച്, 10 സെന്റ് മാത്രമുള്ളവരുടെ പ്രശ്‌നമല്ല. 50 സെന്റ് വസ്തുവുള്ള ഒരാള്‍ ബാങ്ക് വായ്പയ്ക്ക് ഒഴിമുറി രജിസ്റ്റര്‍ ചെയ്തുനല്‍കണമെങ്കില്‍ ആവശ്യപ്പെടുന്ന ബാങ്ക് വായ്പയേക്കാള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടിവരും. യാതൊരു പഠനവും നടത്താതെയാണു ഫീസ് വര്‍ധന കൊണ്ടുവന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപാടില്‍ മാത്രമല്ല, മറ്റിടപാടുകളുടെ കാര്യത്തിലും മുദ്രവില എട്ടു ശതമാനമായി ഉയര്‍ത്തിയതു വന്‍തിരിച്ചടിയായി. വസ്തു ഇടപാടിനു മുമ്പുള്ള കരാര്‍ രജിസ്റ്റര്‍ ചെയ്യാനും എട്ടുശതമാനം ചെലവുവരും. കരാര്‍ നടന്നില്ലെങ്കില്‍ തുക നഷ്ടമാകും. അടുത്ത കരാറില്‍ ഇതു പരിഹരിച്ചു നല്‍കില്ല. പിന്നെ ഇടപാട് സമയത്തും എട്ടുശതമാനം തുക ചെലവാക്കണം. അതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രപഠനം അനിവാര്യമാണെന്നു സതീശനും അഹമ്മദ് കബീറും ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാന്‍ വിഷയനിര്‍ണയസമിതിയില്‍ പങ്കെടുത്ത മന്ത്രി ജി. സുധാകരന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. രജിസ്‌ട്രേഷന്‍ ഫീസുകളിലും മുദ്രവിലയിലും വരുത്തിയ വര്‍ധന മൂലം പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായെന്ന അഭിപ്രായം വകുപ്പിനുണ്ട്. മന്ത്രി സുധാകരനും ഈ നിലപാടിനോടു യോജിക്കുന്നുണ്ടെങ്കിലും മന്ത്രി ഐസക്കുമായി പരസ്യമായി തര്‍ക്കത്തിനു തയാറല്ല. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം, ദാനം എന്നീ ആധാരങ്ങള്‍ക്കുള്ള ചെലവ് 1000 രൂപയായി നിജപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബജറ്റിലൂടെ ഈ ആധാരങ്ങളുടെ രജീസ്‌ട്രേഷനുള്ള മുദ്രവില മൂന്നു ശതമാനമായി ഉയര്‍ത്തുകയും ഫീസിലും മുദ്രവിലയിലും ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിക്കുകയുമാണു മന്ത്രി ഐസക് ചെയ്തത്.
Discussion about this post