കൊച്ചി: മാധ്യമം ദിനപ്പത്രത്തില്‍ ജീവനക്കാര്‍ക്കുള്ള ബോണസ് മാനേജുമെന്റ് വെട്ടിക്കുറച്ചു. മാനേജുമെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റെയും നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെയും നേതൃത്വത്തില്‍ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും കരിദിനമാചരിച്ചു. ആദ്യത്തെ അന്താരാഷ്ട്രാ ഇന്ത്യന്‍ ദിനപത്രമെന്ന ഖ്യാതി സ്വയമേറ്റെടുത്ത് മാധ്യമ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച് അനുദിനം വളരുന്നു എന്ന് മാനേജുമെന്റ് അവകാശപ്പെടുന്നതിനിടയിലാണ് ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം വെട്ടിക്കുറച്ചത്.
ഒരുമാസത്തെ വേതനമായിരുന്നു രണ്ടുവര്‍ഷം മുമ്പുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇത് 23 ദിവസമായി കുറച്ചു. ഇത്തവണ വേജ് ബോര്‍ഡ് മാനദണ്ഡം അനുസരിച്ച് ക്ലാസ് ഫോര്‍ വിഭാഗത്തിലേക്ക് സ്ഥാപനം ഉയര്‍ന്നപ്പോള്‍ ബോണസ് വീണ്ടും വെട്ടിക്കുറച്ചു. വേര്യബിള്‍ ശമ്പളത്തില്‍ ജീവനക്കാര്‍ വിട്ടുവീഴ്ച ചെയ്താണ് ക്ലാസ് ഫോര്‍ വിഭാഗത്തിലേക്ക് സ്ഥാപനത്തെ ഉയര്‍ത്തിയത്. അതിനാല്‍ ഇത്തവണയും ഒരുമാസത്തെ ബോണസ് അനുവദിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജേര്‍ണലിസ്റ്റ് യൂണിയനും നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയനും ചേര്‍ന്നുള്ള മാധ്യമം എപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായി മാനേജുമെന്റ് ഇക്കാര്യത്തില്‍ നേരത്തെ ചര്‍ച്ചകളും നടത്തി. ഇതില്‍ തീരുമാനമാകുന്നതിന് മുമ്പാണ് മാനേജുമെന്റ് ഏകപക്ഷീയമായി ബോണസ് കുറച്ചത്.
15 ദിവസത്തെ വേതനം മാത്രമേ അനുവദിക്കാനാവൂ എന്നായിരുന്നു മാനേജുമെന്റ് നിലപാട്. ഒരുമാസത്തെ വേതനം എന്ന മുന്നില പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാരും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നപ്പോള്‍ മുന്‍ വര്‍ഷത്തേതുപോലെ 23 ദിവസത്തെ ബോണസ് എന്ന നിലയിലേക്ക് ജീവനക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇതും മാനേജുമെന്റ് അംഗീകരിച്ചില്ല. ഈ ചര്‍ച്ചകളില്‍ അന്തിമ തീരുമാനം വരുന്നതിന് മുമ്പാണ് 20 ദിവസത്തെ ശമ്പളം ബോണസ് ഏകപക്ഷീയമായി പ്രഖ്യാപിച്ച് വിതരണം ചെയ്തതത്.
മാനേജുമെന്റിന്റെ ഈ നപടിക്കെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ ഇന്ന് ഓഫീസിലെത്തിയത്.
Discussion about this post