ക്രൈസ്തവമതം ചൈനയില്‍ അതിവേഗം വളരുന്നുവെന്നും റിപ്പോര്‍ട്ട്
നാന്‍ജിംഗ് : ലോകത്ത് ഏറ്റവും കൂടുതല്‍ ബൈബിള്‍ പ്രസിദ്ധീകരിക്കുന്നത് കമ്യൂണിസ്റ്റ് ചൈനയില്‍ എന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലെ അമിറ്റി ബൈബിള്‍ പ്രിന്റിംഗ് കമ്പനിയില്‍ ഇതുവരെ അച്ചടിച്ച ബൈബിളുകളുടെ എണ്ണം പതിനാല് കോടിയോട് അടുക്കുന്നു. 2014 നവംബര്‍ വരെ അച്ചടിച്ചത് 12.5 കോടി കോപ്പികളാണ്. ചൈനീസ് ഭാഷകളില്‍ 6.77 കോടിയും വിദേശ ഭാഷകളില്‍ 5.93 കോടിയും. 2014ല്‍ മാത്രം 1.3 കോടി ബൈബിളുകള്‍ അമിറ്റി പുറത്തിറക്കി. 2015ലെ കണക്ക് ലഭ്യമായിട്ടില്ല. വിവിധ കൃസ്ത്യന്‍ അനുകൂല മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
80 വിദേശ ഭാഷകളിലും മാന്‍ഡരിന്‍ അടക്കമുള്ള ചൈനീസ് ഭാഷകളിലുമാണ് അമിറ്റി ബൈബിള്‍ അച്ചടിക്കുന്നത്. എഴുപത് രാജ്യങ്ങളിലേക്ക് ബൈബിള്‍ കയറ്റി അയക്കുന്നുണ്ട്. മാന്‍ഡരിന്‍, കാന്റണീസ് എന്നിവ കൂടാതെ ചൈനയിലെ ന്യൂനപക്ഷ ഭാഷകളായ കൊറിയന്‍, മിയാവോ, വ, ദായി, യി, ലിസു, ലഗു, ജിംഗ് പോ എന്നീ ഭാഷകളിലും അവര്‍ പുസ്തകം പുറത്തിറക്കുന്നുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവ കൂടാതെ പല ആഫ്രിക്കന്‍ ഭാഷകളിലും അച്ചടിക്കുന്നുണ്ട്.
ചൈനയിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ നിയന്ത്രണത്തിലുള്ളതാണ് അമിറ്റി ഫൗണ്ടേഷന്. 145 ദേശീയ ബൈബിള്‍ സൊസൈറ്റികളുടെ കേന്ദ്ര സംഘടനായ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസും ചേര്‍ന്ന കൂട്ടുസംരംഭമാണ് നാന്‍ജിംഗ് അമിറ്റി പ്രിന്റിംഗ് എന്ന കമ്പനി. 1958ല്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യം പ്രൊട്ടസ്റ്റന്റ് ബൈബിള്‍ പുറത്തിറക്കി. പിന്നീട് കത്തോലിക്കര്‍ക്ക് വേണ്ടിയുള്ള ബൈബിളും അച്ചടിച്ചു. സാര്‍വദേശീയമായി അംഗീകരിച്ച ബൈബിള്‍ തന്നെയാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും കമ്പനി ചെയര്‍മാര്‍ ക്വി പറയുന്നു.ചൈനയില്‍ ക്രൈസ്തവ സഭ അതിവേഗം വളരുന്നതിനാല്‍ നാന്‍ജിംഗിലെ ബൈബിള്‍ പ്രസാധനത്തില്‍ വന്‍ സാധ്യതകളുണ്ടെന്നാണ് നാന്‍ജിംഗ് കമ്പനി അധികൃതര്‍ കരുതുന്നത്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കാണ് വളര്‍ച്ച. മാര്പാപ്പയെയൊ ഔദ്യോഗിക കത്തോലിക്കാ സഭയെയൊ ചൈനീസ് ഭരണകൂടം അംഗീകരിക്കുന്നില്ല.
ചൈനയില്‍ മൂന്നുകോടി ക്രൈസ്തവരുണ്ടെന്നാണ് ഔദ്യോഗിക കണക്കെന്നും എന്നാല്‍ അത് അനൗദ്യോഗികമായി 10 കോടിയോളം വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാഥാര്‍ത്ഥത്തില്‍ 8.87 കോടി അംഗങ്ങളുള്ള ചൈനിസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗസംഖ്യയേക്കാള്‍ കൂടുതല്‍. 15 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉള്ള രാജ്യമായി ചൈന മാറുമെന്നും ഈ കണക്കുകള്‍ സൂചന നല്കുന്നു. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത നിരവധി രഹസ്യ വീട്ടുസഭകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്യമായി പ്രവര്‍ത്തിക്കുന്ന സഭകളും സര്‍ക്കാരിന്റെ ഭൂതക്കണ്ണാടി നിരീക്ഷണത്തിലാണ്. ആരാധനയുടെ വീഡീയോകള്‍ ഇടയ്ക്കിടെ പരിശോധിക്കും. ക്രൈസ്തവ സഭ വളരുന്നതിനെ ഒട്ടും അനുഭാവപൂര്‍വമല്ല ഗവണ്മെന്റ് വീക്ഷിക്കുന്നത്. ബുദ്ധമതമാണ് ചൈനയിലെ ഏറ്റവും വലിയ മതം.
Discussion about this post