ഡല്‍ഹി: തിരുവനന്തപുരം ബിജെപി ആസ്ഥാന ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രനേതൃത്വം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംഭവത്തെ സംസാരിച്ചു. ബിജെപി എംപിമാരുടെ സംഘം നാളെ കേരളം സന്ദര്‍ശിക്കും.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളില്‍ പിണറായിയെ ആശങ്കയറിച്ച രാജ്‌നാഥ് സിങ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്ന പരാതിയുണ്ടെന്നും പറഞ്ഞു. ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാനും കേന്ദ്ര അഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന അഭ്യന്തര സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാക്കുന്ന ആക്രമണങ്ങളില്‍ തങ്ങളുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അനവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു.
ബിജെപി ആസ്ഥാനത്തുണ്ടായ ബോംബേറിനെ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടായിരുന്നു ബോംബേറെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമാന്‍ ബുധനാഴ്ച തന്നെ ആരോപിച്ചിരുന്നു. സംസ്ഥാന ഓഫീസിന് നേരെ ആക്രമണമുണ്ടാക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് കുമ്മനം അവിടം വിട്ടതെന്ന കാര്യം ഇതിനാധാരമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംപിമാരുടെ സംഘം ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നാണ് സൂചന.
Discussion about this post