ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയടക്കം 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. എന്‍ഡിഎ സഖ്യമായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രഖ്യാപിച്ചു. ഇതോടെ അരുണാചല്‍ ഭരണം എന്‍ഡിഎയുടെ കൈകളിലായി. മുന്‍ മുഖ്യമന്ത്രി നബാം ടുകി മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുള്ളത്.
സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം കഴിയുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ തന്നെ നാടകീയമായ വിമത നീക്കം നടന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തഴയപ്പെട്ട നബാം ടുകി മാത്രമാണ് കോണ്‍ഗ്രസ് പാളയത്തില്‍ ഉറച്ചുനിന്നത്. കോണ്‍ഗ്രസിനെ പിന്തുണച്ച രണ്ട് സ്വതന്ത്ര അംഗങ്ങളും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതോടെ അറുപത് അംഗ സഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗബലം ഒരാളായി ചുരുങ്ങി. ഇതോടെ ഭരണം എന്‍ഡിഎയ്ക്ക് ലഭിച്ചു. ബിജെപിയ്ക്ക് ഇവിടെ 11 അംഗങ്ങള്‍ ഉണ്ട്.
നിയമസഭാ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ (പിപിഎ) ലയിക്കുകയാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പേമ ഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post