ഉറി: കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭീകരര്‍ക്ക് പാകിസ്ഥാന്റെ സഹായം ലഭിച്ചതിന് അവരുപയോഗിച്ച വയര്‍ലെസ് സെറ്റ് നിര്‍ണായക തെളിവായേക്കും. ജപ്പാനിലെ ഐകോം എന്ന കമ്പനി നിര്‍മിച്ച വയര്‍ലെസ് സെറ്റുകളാണ് ഭീകരര്‍ ഉപയോഗിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമെ മാത്രമേ ഇതുപോലുള്ള വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ, പാകിസ്ഥാന് വയര്‍ലെസ് വിറ്റിട്ടുണ്ടോയെന്ന കാര്യം എന്‍.ഐ.എ വിശദമായി പരിശോധിച്ചു വരികയാണ്.
ഭീകരരുടെ പക്കല്‍നിന്നും കണ്ടെടുത്ത വയര്‍ലെസിന്റെ മോഡല്‍ സംബന്ധിച്ച വിവരങ്ങള്‍ പാകിസ്ഥാന് ഇന്ത്യ കൈമാറും. വയര്ലെസില് പുതിയത് എന്ന് കാണിക്കുന്ന ‘ബില്കുല് നയാ’ എന്ന് ഉറുദുവിലും ന്യു എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വയര്‍ലെസ് സെറ്റ് അടക്കം 48 സാധനങ്ങളാണ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തത്. ഭീകരരുടെ കൈവശമുണ്ടായിരുന്ന രണ്ട് ഭൂപടങ്ങളില്‍ ഒരെണ്ണം കത്തിയ നിലയിലായിരുന്നു. ഇതില്‍ എഴുതിയിരുന്ന 8440, 8605, 2842 മിറ 3007 കോഡുകള്‍ എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. അതേസമയം, ഇന്ത്യന്‍ കന്പനിയായ ഐ കാള്‍ നിര്‍മിച്ച മൊബൈല്‍ ഫോണ്‍ ഭീകരരില്‍ നിന്ന് കണ്ടെടുത്തത് എന്‍.ഐ.എയെ കുഴപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉറിയിലെ ഇന്‍ഫന്‍ട്രി റെജിമെന്റ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ഭീകരര്‍ ഒളിച്ചുകയറി ആക്രമണം നടത്തിയത്. 18 ജവാന്മമാരാണ് സംഭവത്തില്‍ വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
Discussion about this post