തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതി കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തുടരുന്നത് ചൂണ്ടിക്കാട്ടി വിഎസ് അച്യുതാനന്ദന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് കത്ത് നല്കി. വിജിലന്‍സ് അറസ്റ്റ് ചെയ്ത കെ പത്മകുമാറിനെ മലബാര്‍ സിമന്റ്സ് എംഡി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും വ്യവസായ വകുപ്പിന് കീഴിലുള്ള റിയാബിന്റെ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതായും വിഎസ് കത്തില്‍ വ്യക്തമാക്കുന്നു.
എംഡിയേയും പ്രതികളായ മറ്റ് ഉദ്യോഗസ്ഥരേയും മാറ്റി നിര്‍ത്തണമെന്ന ആവശ്യം പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. കേസില്‍ അറസ്റ്റിലായ പത്മകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിനേയും കേസില്‍ പ്രതികളാക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ചട്ടങ്ങള്‍ മറികടന്ന് സിമന്റ് ഡീലര്‍ഷിപ്പ് അനുവദിച്ചതിലൂടെ 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ എം.ഡി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
Discussion about this post