തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണ്. ആദര്‍ശമായിക്കൊള്ളൂ പക്ഷേ അതിന്റെ പേരില്‍ പാര്‍ട്ടിയിലെ ജനാധിപത്യം ഇല്ലാതാക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.
മദ്യലോബി കെ.ബാബുവിനെ വേട്ടയാടുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കണമായിരുന്നു. സാധാരണപ്രവര്‍ത്തകന് പോലും ഇത്തരം സാഹചര്യമുണ്ടായാല്‍ സംരക്ഷിക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് ബാബുവിന്റെ കാര്യത്തിലെടുത്ത നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ലാത്തുകൊണ്ടാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനങ്ങളെന്നായിരുന്നു സുധീരന്റെ വിമര്‍ശനം. മുല്ലപ്പള്ളിയെ കൂടാതെ കെ.സുധാകരന്‍, എം.എം.ഹസ്സന്‍ എന്നിവരും സുധീരനെതിരെ രംഗത്ത് വന്നു.
അഴിമതിക്കെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വികാരമാണുള്ളതെന്ന് യോഗത്തില്‍ സംസാരിച്ച വി.ഡി സതീശനും ടി.എന്‍ പ്രതാപനും പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ തെളിവൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ബാബുവിന് പാര്‍ട്ടി പിന്തുണ നല്‍കണമെന്ന് തന്നെയാണ് സതീശനും പ്രതാപനും അഭിപ്രായപ്പെട്ടത്.
Discussion about this post