കോഴിക്കോട്: ബിജെപിയുമായി സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ധാരണയായെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന് വാഗ്ദാനങ്ങള്‍ ചെയ്ത സ്ഥാനം ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത്. വെള്ളാപ്പള്ളി നടേശന് പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ പറഞ്ഞു.
ബിഡിജെഎസിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബിജെപി നേതാക്കളെ ക്ഷണിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഉദ്ഘാടകനാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് വരാന്‍ തയ്യാറായാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. മന്ത്രി സ്ഥാനം അടക്കം മാണിക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും തുഷാര്‍ പറഞ്ഞു.
ബിഡിജെഎസിന് ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന് ഇന്നലെ പറഞ്ഞിരുന്നു. അമിത് ഷായോട് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനുളള ക്ഷണവും വെള്ളാപ്പള്ളി നിരസിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി നടേശന് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Discussion about this post