തിരുവനന്തപുരം: സ്വാശ്രയ വിഷയത്തെച്ചെല്ലി നിയമസഭ ഇന്നും പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് സഭ ഇന്നും നിര്‍ത്തി വെച്ചു. നിയമസഭയില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായെന്നും വിഷയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയത്തില്‍ ഇടപെടാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ച് സ്പീക്കര്‍ സഭ വിട്ടിറങ്ങുകയായിരുന്നു. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ ശ്രമം.
നിരാഹാര സമരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില വളരെയധികം മോശമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. ഷാഫി പറമ്പിലിനേയും ഹൈബി ഈഡനേയും ആശുപത്രിയിലേക്ക് മാറ്റും. ഇവര്‍ക്കു പകരം മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് പിറവം എംഎല്‍എ അനൂബ് ജേക്കബിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിയമസഭ ചേരുന്നതിന് മുന്നോടിയായി യുഡിഎഫ് പാര്‍ലമെന്ററി യോഗം ചേര്‍ന്നിരുന്നു. സമരം ശക്തമാക്കി മുന്നോട്ട് പോകാനായിരുന്നു യോഗത്തില്‍ തീരുമാനമായത്. വൈകീട്ട് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും സ്വാശ്രയ വിഷയം ചര്‍ച്ചയാകും.
Discussion about this post