ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് പ്രതിദിനം 6,000 ഘനയടി ജലം നാളെ രണ്ട് മണിക്ക് മുന്‍പ് വിട്ടുനല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന കര്‍ണാടക സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. തങ്ങളെ ധിക്കരിക്കുന്ന നിലപാട് അവസാനിപ്പിക്കാന്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 30 നാണ് സുപ്രീം കോടതി കാവേരി നദീജല വിഷയത്തില്‍ ഏറ്റവും ഒടുവില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം ആറുവരെ 6,000 ഘനയടി ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. വിഷയം പരിഹരിക്കുന്നതിന് കാവേരി ജലമാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു.
എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗം സുപ്രീം കോടതി ഉത്തരവ് പാലിക്കേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടു. തമിഴ്നാടിന് വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്നാണ് എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടത്. നേരത്തെ രണ്ട് തവണ സുപ്രീം കോടതി സമാന ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും അവയെല്ലാം കര്‍ണാടകം നിരസിക്കുകയായിരുന്നു.
അതേസമയം കാവേരി ജലമാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ കേന്ദ്രം എതിര്‍ത്തു. ബോര്‍ഡ് രൂപീകരണം പാര്‍ലമെന്റിന്റെ സവിശേഷ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും സുപ്രീം കോടതിക്ക് അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സമ്മതത്തോടു മാത്രമേ ബോര്‍ഡ് രൂപീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി പറഞ്ഞു.
Discussion about this post