തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സഭാനടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. ഇനി 17 നാണ് സഭ സമ്മേളനം.
വിഷയത്തില്‍ തന്റെ നിലപാട് ന്യായീകരിച്ച മുഖ്യമന്ത്രി സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്മെന്റുകളാണ് പറഞ്ഞതെന്ന് വ്യക്തമാക്കി. സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും പറഞ്ഞു. കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ത്തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് സമീപത്ത് എത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിടിവാശി വെടിയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. സമാധാനം പാലിക്കാനും സഭാനടപടികളില്‍ സഹകരിക്കാനും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതിനാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.
സ്വാശ്രയ പ്രശ്നത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചിരുന്നു. ഇന്നലെ സ്വാശ്രയ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി വഷളായതോടെ നിരാഹാരമനുഷ്ഠിച്ചിരുന്ന എം.എല്‍.എ.മാരായ ഹൈബി ഈഡന്, ഷാഫി പറമ്പില്‍ എന്നിവരെ ആസ്പത്രിയിലേക്ക് മാറ്റുകയും എംഎല്‍എമാരായ വി.ടി ബല്‍റാമും റോജി എം. ജോണും നിരാഹാരസമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Discussion about this post