തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാസംഘം അമ്മയുടെ മുന്നിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് പുത്തന്‍പാലം സ്വദേശി ലല്ലുവിനെ (23) ഇന്നലെ രാത്രി തന്നെ സംഭവസ്ഥലത്തു നിന്ന് പിടികൂടിയിരുന്നു. മറ്റ് അഞ്ചു പേരെ പാങ്ങോട് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയിലെ ഒരു വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പേട്ട പൊലീസിന്റെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു.
പാങ്ങോട് പൊലീസിന്റെ സഹായം തേടാതെ രഹസ്യ നീക്കത്തിലൂടെയാണ് പേട്ട പൊലീസ് ഇവരെ വലയിലാക്കിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. വിശദമായി ചോദ്യം ചെയ്തശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ബാട്ടി മനു, പരട്ട അനി, രഞ്ജിത്ത്, ബോജി, പൂച്ച രാജേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അമ്മയുടെ കണ്‍മുന്നിലിട്ട് കണ്ണമ്മൂല പുത്തന്‍പാലം കോളനിയില്‍ വിഷ്ണുവിനെ(19) ആറംഗ ഗുണ്ടാസംഘം വെട്ടിയും കുത്തിയും കൊല്ലപ്പെടുത്തിയത്. വയറിന്റെ വലതു ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ വിഷ്ണുവിനേയും ദേഹമാസകലം വെട്ടേറ്റ വിഷ്ണുവിന്റെ അമ്മ ബിന്ദു (35?), ബന്ധുവായ ലൈല (45) എന്നിവരെ പേട്ട പൊലീസ് സ്ഥലത്തെത്തിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഷ്ണു എട്ടു മണിയോടെയാണ് മരിച്ചത്.
ലൈലയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് ഇവര്‍. ബിന്ദുവിനും ഇന്നുരാവിലെ ശസ്ത്രക്രിയ നടത്തി. ബിന്ദുവിന്റെ തലയിലും കൈകളിലുമാണ് വെട്ടേറ്റത്. വിഷ്ണുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് ആറ് വരെ നഗരത്തില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post