(ഇസ്ലാമിക പ്രഭാഷകന്‍ എംഎം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ മതം മാറ്റം സംബന്ധിച്ച വിവാദ പാഠഭാഗം സംബന്ധിച്ച് അഡ്വക്കറ്റ് എ ജയശങ്കറിന്റെ പ്രതികരണം. )
നിങ്ങളുടെ സുഹൃത്തായ ഒരു ക്രിസ്ത്യാനി കുട്ടി ഇസ്ലാമായി മതം മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ കുട്ടിക്ക് എന്തുപദേശമാണ് നല്‍കുക?
പ്രമുഖ ഇസ്ലാമിക പ്രഭാഷകനും സംവാദകനും ഡോ.സാക്കിര്‍ നായിക്കിന്റെ വെറും പരിചയക്കാരനുമായ മഹാനായ അക്ബര്‍, ധര്‍മിഷ്ഠരും ഉദാരമതികളുമായ രണ്ടുമൂന്നു മുതലാളിമാരുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളോട് പാഠപുസ്തകത്തിലെ ചോദിക്കുന്നതാണ് മേല്‍ ഉന്നയിച്ച സംശയം.
അഞ്ച് ഉത്തരങ്ങള്‍ പുസ്തകം തന്നെ നല്‍കുന്നുണ്ട് (1) സുഹൃത്തിന്റെ പേരുമാറ്റിക്കും (2) കഴുത്തിലെ കുരിശുമാല ഊരിക്കും (3) കലിമ ചൊല്ലിക്കും (4) അപ്പനമ്മമാര്‍ നസ്രാണികളായി തുടരുന്നതിനാല്‍ വീടുവിട്ടോടാന്‍ ഉപദേശിക്കും (5) ഹലാല്‍ ചിക്കനേ കഴിക്കാവൂ എന്ന് ഗുണദോഷിക്കും. മേല്‍ പറഞ്ഞ അഞ്ച് ഉത്തരങ്ങളും ശരിയാണ്, അതിന്റെ പൂര്‍വ്വാപരക്രമം സമര്‍ത്ഥയായ ഒരു അദ്ധ്യാപിക കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും.
ഈ നിസാരകാര്യത്തിനാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വാളെടുത്തതും പോലീസ് കേസെടുത്തതും. അബ്ദുറബ്ബ് ആയിരുന്നു മന്ത്രിയെങ്കില്‍ ഇതിനകം ഡി.ഇ.ഒ.യെ പിരിച്ചുവിട്ടേനെ, കുറഞ്ഞപക്ഷം കാസര്‌ഗോട്ടേക്ക് നാടുകടത്തുകയെങ്കിലും ചെയ്‌തേനെ. ഇതിപ്പോള്‍ മന്ത്രി പുല്ലും വൈക്കോലും തിന്നു ജീവിക്കുന്ന ഒരു സവര്‍ണ ഫാസിസ്റ്റായിപ്പോയി.
ഈ പാഠഭാഗം തികച്ചും നിഷ്‌കളങ്കവും മതനിരപേക്ഷവുമാണെന്ന് അക്ബര്‍ പാദുഷ ആണയിട്ടു പറഞ്ഞിട്ടും ഭരണകൂട ഭീകരന്മാര്‍ക്ക് പിടികിട്ടുന്നില്ല. ഇന്ത്യന്‍ എക്പ്രസ്സും മാതൃഭൂമിയും മംഗളവും കേരളകൗമുദിയും സ്‌കൂളിനും മുതലാളിമാര്‍ക്കുമെതിരെ എഴുത്തോട് എഴുത്താണ്.
അക്ബറിന്റേയും സ്‌കൂളിന്റെയും മഹത്വം ജമാ അത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. സുന്നി സംഘടനകള്‍ ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തി നില്‍പ്പാണ്. ദീന്‍ മുടിഞ്ഞാലും സലഫികളുടെ കണ്ണീരുകാണണം എന്നേ അവര്‍ക്കുള്ളു.
ഇപ്പോഴത്തെ കേസും പുക്കാറുമൊക്കെ ഒതുങ്ങുന്നമുറയ്ക്ക് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാവുന്ന ഒരു പാഠം ചുവടെ ചേര്‍ക്കുന്നു.
നിങ്ങളുടെ ഉറ്റ സുഹൃത്തായ ഒരു മുസ്ലിംകുട്ടി ക്രിസ്ത്യാനിയായി മതം മാറാന്‍ ആഗ്രഹിക്കുവെങ്കില്‍ നിങ്ങള്‍ ആ കുട്ടിയെ എങ്ങനെ ഉപദേശിക്കും? (1) യേശു ക്രിസ്തു നസ്രാണികള്‍ കരുതുംപോലെ ദൈവമോ ദൈവപുത്രനോ അല്ല മറിച്ചു മഹാനായ അക്ബര്‍ പ്രസംഗിച്ചു ഫലിപ്പിക്കുംപോലെ കാലഹരണപ്പെട്ട ഒരു പ്രവാചകന്‍ മാത്രമായിരുന്നു എന്ന് ആ കുട്ടിയെ പറഞ്ഞുമനസിലാക്കും (2) പോപ്പുലര്‍ ഫ്രണ്ടുകാരെ വിവരം അറിയിക്കും (3) മതപരിത്യാഗത്തിനു ശിക്ഷ മരണമാണെന്ന് പറഞ്ഞു വിരട്ടും (4) മതം മാറും മുന്‍പ് കള്ള ഹിമാറിനെ കൊന്നു കുഴിച്ചിടും. നാലുത്തരങ്ങളും ശരിയാണ്. പൂര്‍വ്വാപരക്രമം സ്‌കൂളില്‍ പഠിപ്പിക്കും.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/969917536471306/?type=3&theater” bottom=”30″]
Discussion about this post