മുംബൈ : പുതിയ കോവിഡ് -19 ബാധിതരിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് കൽവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 21 വയസ്സുള്ള കോവിഡ് ബാധിതനാണ് മരിച്ചത്. മെയ് 22 ന് ആണ് മുംബൈ സ്വദേശിയായ 21 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.
ശനിയാഴ്ച കർണാടകയിലെ ബെംഗളൂരുവിലും കോവിഡ് ബാധിതനായിരുന്ന ഒരാൾ മരിച്ചിരുന്നു. ഒന്നിലധികം അവയവങ്ങളുടെ പരാജയം മൂലമായിരുന്നു 84 വയസ്സുകാരനായ രോഗി മരിച്ചത്. വൈറ്റ്ഫീൽഡ് നിവാസിയായ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നതായി അധികൃതർ അറിയിച്ചു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് പുതിയ കോവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മെയ് 19 വരെ ഇന്ത്യയിൽ 257 സജീവ കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള കേസുകളിൽ ഭൂരിഭാഗവും നേരിയ തോതിൽ മാത്രമുള്ളതാണെന്നും രോഗികൾ വീട്ടിൽ പരിചരണത്തിൽ കഴിയുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP), ഐസിഎംആർ എന്നിങ്ങനെയുള്ള പ്രത്യേക ഏജൻസികൾ വഴി രാജ്യത്തെ കോവിഡ് ബാധയുടെ സ്ഥിതിവിവര കണക്കുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post