ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള 5 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 19 ന് ആണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂൺ 19 വ്യാഴാഴ്ച വോട്ടെടുപ്പും ജൂൺ 23 തിങ്കളാഴ്ച വോട്ടെണ്ണലും നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ നിലമ്പൂർ മണ്ഡലത്തിലേക്ക് ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ രാജിവച്ചതിനെത്തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്തിൽ രണ്ട് മണ്ഡലങ്ങളിലേക്കും കേരളം, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലേക്കും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ കാഡി സീറ്റിൽ സിറ്റിംഗ് എംഎൽഎ കർസൻഭായ് പഞ്ചാബായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് . ജുനഗഡ് ജില്ലയിലെ വിസവദർ നിയമസഭാ മണ്ഡലത്തിലാണ് മറ്റൊരു ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എഎപി എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിലെ ലുധിയാന സീറ്റിൽ സിറ്റിംഗ് അംഗം ഗുർപ്രീത് ബാസി ഗോഗിയുടെ മരണത്തെത്തുടർന്നും പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാ സീറ്റിൽ സിറ്റിംഗ് നിയമസഭാ അംഗം നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെത്തുടർന്നും ആണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
Discussion about this post