ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം പകർന്നുകൊണ്ട് മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. ദാ ഞാനിങ്ങെത്തിയെന്ന് പറഞ്ഞ് ഇത്തവണ അൽപ്പം നേരത്തെയാണ് കാലവർഷം എത്തിയത്. നേരത്തെ എത്തിയതിനൊപ്പം കുറുമ്പും ഇത്തവണ കൂടുതലാണെന്ന് വേണം പറയാൻ. തുള്ളിക്കൊരു കുടം എന്ന കണക്കേ പേമാരിയാണ് കാലവർഷത്തിന്റെ ആദ്യ ദിനങ്ങളിൽപോലും.
മഴക്കാലമെത്തിയതോടെ നമ്മൾ അൽപ്പം ജാഗ്രതപുലർത്തേണ്ടതുണ്ട്. മഴക്കാലജന്യരോഗങ്ങളോട് മാത്രമല്ല,മഴക്കാലത്തെ ഭക്ഷണരീതികളിലും ചിലമാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനമായ കാര്യമാണ്.ഇതിന് േേപാഷകപരമായ ആഹാരം വളരെയധികം പ്രാധാന്യമുള്ളതാണ്. മൺസൂൺ കാലത്ത് എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് നോക്കാം.
വേവിക്കാത്ത ഭക്ഷണത്തിൽ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ഉണ്ടാകും. അതുകൊണ്ട് ശരിയായി വേവിക്കാത്ത, പകുതി വെന്ത ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. മാംസം ചേർത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തിൽ രോഗകാരികളായ സൂക്ഷമജീവികൾ പടരാൻ സാധ്യതയുണ്ട്.പരിസരശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷ താപനില വളരെ കുറഞ്ഞ സമയമായതിനാൽ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുൾപ്പടെയുള്ള സൂക്ഷ്മജീവികളുടെ വളർച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാകാനിടയാക്കും. അതിനാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.
ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഇറച്ചി എന്നിവയെല്ലാം കൃത്യമായും കഴുകി വൃത്തിയാക്കണം. മഴക്കാലത്ത് പച്ചക്കറികളിൽ, പ്രത്യേകിച്ച് ഇലക്കറികളിൽ സൂക്ഷ്മജീവികൾ ധാരാളമായുണ്ടാകും. അതിനാൽ, അവ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കണം. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവയിൽ മുറിപ്പാടുകൾ ഉണ്ടെങ്കിൽ അവ വാങ്ങാതിരിക്കണം. ആവശ്യമെങ്കിൽ ഇറച്ചി ചൂടുവെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.
ബീറ്റ്‌റൂട്ട്: മഴക്കാലത്ത് ധാരാളം ആളുകൾ ദഹനക്കേട് മൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നു. ബീറ്റ്‌റൂട്ട് ഉപഭോഗം ദഹന പ്രക്രിയയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.കൊഴുപ്പ് കുറഞ്ഞ തൈര്: തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് അല്ലെങ്കിൽ നല്ല ബാക്ടീരിയകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ, തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
മത്തങ്ങ, ആര്യവേപ്പ് മുതൽ കയ്പക്ക വരെയുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ മൺസൂണിൽ കഴിക്കണം.സീസണൽ പഴങ്ങളായ സബർജില്ലി, വാഴപ്പഴം, പീച്ച് എന്നിവ മികച്ചതാണെങ്കിലും ജലാംശം കൂടുതൽ അടങ്ങിയ ഇവയും തണ്ണിമത്തനും പോലുള്ള പഴങ്ങളും, മത്തങ്ങ, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും ഒഴിവാക്കണം
ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകൽ ഉറക്കം പാടില്ല. ചാറ്റൽമഴ ഏൽക്കരുത്. ചെരുപ്പില്ലാതെ നടക്കാൻ പാടില്ല. ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയിൽ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം.
Discussion about this post