ഡല്‍ഹി : ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്കി .’ ഇന്ത്യയുടെ മകള്‍ ‘എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ അഭിഭാഷകര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസ്.
ഇന്നലെ വൈകുന്നേരമാണ് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം.
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ക്കു വേണ്ടിയാണ് ശര്‍മയും സിങ്ങും ഹാജരായത്. പീഡനവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് ശര്‍മ പറയുന്നുണ്ട്. സിങ്ങും ഇതുപോലുള്ള വിദ്വേഷജനകമായ പരാമര്‍ശം നടത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുണ്ടായി. ഇവരുടെ ലൈസന്‍സ് തിരിച്ചുവാങ്ങണമെന്ന് മറ്റ് അഭിഭാഷകര്‍ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ,തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ശര്‍മ്മ പ്രതികരിച്ചു. പത്ത് ദിവസം കൊണ്ടാണ് സംവിധായിക ലെസ്ലി ഉഡ്വിന് തന്റെ അഭിമുഖം എടുത്തതെന്നും ഇതില്‍ നിന്നും ഒരു വരിയേ കാണിച്ചുള്ളുവെന്നും ശര്‍മ അറിയിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നോട്ടീസിനു മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post