കൊച്ചി: സംസ്ഥാനത്തെ പ്രധാന മേഖലകളില്‍ ആക്രമണത്തിനും രണ്ടു ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള അഞ്ചു വി.ഐ.പികളെ വധിക്കാനും പദ്ധതിയിട്ട സംഘത്തിലെ ഒരാള്‍ കൂടി എന്‍.ഐ.എയുടെ പിടിയിലായി. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകം അന്‍സാറുള്‍ ഖിലാഫയുമായി ബന്ധമുള്ള പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് എന്‍.ഐ.എ. സംഘം പിടികൂടിയത്.
കനകമല ഐ.എസ്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിയായ മുഹമ്മദ് ഫയാസ് കേരളത്തില്‍നിന്നു ഖത്തറിലേക്ക് പോയത്. ഇയാള്‍ക്ക് കേസുമായി നേരിട്ടു ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂ എന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഇയാളുടെ കുടുംബം വര്‍ഷങ്ങളായി ഖത്തറില്‍ സ്ഥിരതാമസമാണ്. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഇയാളും അംഗമായിരുന്നതായാണ് വിവരം.
2009-10-ല്‍ ലൗ ജിഹാദ് എന്ന ഭീകരപ്രവര്‍ത്തന റിക്രൂട്ടിങ് പദ്ധതി പുറത്തുവരുന്നതിനു കാരണമായ ജഡ്ജിയേയും ശരീഅത്തിനെ എതിര്‍ത്ത് ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച മറ്റൊരു ജഡ്ജിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനേയും രാഷ്ട്രീയ നേതാക്കളെയും വകവരുത്താനാണ് കനകമലയില്‍ ഐ.എസ് യോഗം ചേര്‍ന്നത്. വാട്‌സ ആപ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ യോഗം ആസൂത്രണം ചെയ്തത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് പിടിയിലായ സുബഹാനി ഹാജ മൊയ്തീനെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും സുബഹാനിയെ ചോദ്യം ചെയ്തു. കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പിടിയിലായ സുബ്ഹാനി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണ പദ്ധതികള്‍ക്കായി കോയമ്പത്തൂരില്‍നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തത്. ഹൈദ്രാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഐ.എസിന്റെ മറ്റ് പ്രവര്‍ത്തകരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പാരീസിനെ കുരുതിക്കളമാക്കിയ ഐ.എസ്. ഭീകരരുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഫ്രഞ്ച് സംഘവും ഇയാളെ ചോദ്യം ചെയ്‌തേക്കും.
കനകമല സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിടിച്ചെടുത്ത തൊണ്ടി സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് നേരത്തേ പിടികൂടിയത്. സംഭവത്തില്‍ പതിനഞ്ചിലേറെ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് യു.എ.പി.എ പ്രകാരമുള്ള കേസാണ് അറസ്റ്റിലായവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 121, 121 എ, 122 വകുപ്പുകളും യു.എ.പി.എയുടെ 18, 18 ബി, 20, 38, 39 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Discussion about this post