ഡല്‍ഹി : പത്താന്‍കോട്ട് സൈനിക താവളത്തില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്ത എന്‍ഡിടിവി ഹിന്ദി വാര്‍ത്താ ചാനലിന് ഈ മാസം ഒന്‍പതിന് ഒരു ദിവസത്തെ നിരോധം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി എടുക്കുന്നത്. ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ട് സൈനികതാവളത്തില്‍ ഭീകരാക്രമണം നടന്നത്.
ചാനല്‍ നല്കിയ വ്യോമസേനാത്താവളത്തിലെ വിവിധ വിമാനങ്ങളുടെയും ആയുധങ്ങളുടെയും വിവരങ്ങള്‍ ഭീകരര്‍ക്കു സഹായകമാകാമായിരുന്നു. ഇതു രാജ്യസുരക്ഷയ്ക്കും നിരപരാധികളുടെ ജീവന്‍പോലും നഷ്ടപ്പെടുന്നതിനും ഇടയാക്കുമായിരുന്നു മന്ത്രാലയ സമിതി ചാനലിനു നല്കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ചാനല്‍ പുറത്തുവിട്ട വിവരങ്ങളൊന്നും രഹസ്യമല്ലെന്നും വിവിധ രേഖകളില്‍ നിന്നും ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമാണു തങ്ങള്‍ക്ക് ഇത് ലഭിച്ചതെന്നുമാണ് ചാനലിന്റെ വിശദീകരണം. ഈ വിശദീകരണം വാര്‍ത്താവിതരണ മന്ത്രാലയം തള്ളി.
രാജ്യത്തെ ഒരു വാര്‍ത്താ ചാനലിനെതിരെ ആദ്യമായാണ് ഇത്തരം നടപടി. 2015 ജൂണില്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രാലയം വിശദീകരിച്ചു. 30 ദിവസത്തെ നിരോധനം ഏര്‍പ്പെടുത്താമെങ്കിലും ഇത്തവണ കര്‍ശനമായ നടപടി എടുക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post