തിരുവനന്തപുരം: കേരളത്തില്‍ നിയമവാഴ്ചയില്ലാതായെന്ന് ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഇടതുസര്‍ക്കാര്‍ സ്വജനരാഷ്ട്രീയം നടപ്പാക്കുകയാണ്. നിയമത്തിന്റെയും ഭരണത്തിന്റെയും യാതൊരാനുകൂല്യവും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സി. പി. എം അംഗത്വമുള്ള യുവാക്കള്‍ക്ക് ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. സാധാരണക്കാരായ യുവാക്കള്‍ക്കാണ് അവസരം ലഭിക്കാത്തത്. പാര്‍ട്ടി ഓഫീസുകള്‍ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനാധിപത്യസഖ്യം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസിനെ സര്‍ക്കാര്‍ നിഷ്ക്രിയമാക്കി. ഈ സര്‍ക്കാര്‍ വന്നതിനുശേഷം കേരളത്തില്‍ 1163 ബലാത്സംഗങ്ങളുണ്ടായി. 350 ദളിതര്‍ പീഡിപ്പിക്കപ്പെട്ടു. പൊലീസില്‍ ക്രിമിനലുകള്‍ പെരുകുകയാണ്. പൊലീസ് കംപ്ളെയിന്റ് അതോറിട്ടിയില്‍ പൊലീസിനെക്കുറിച്ച് മുമ്പെങ്ങുമില്ലാത്തവിധം പരാതികള്‍ പെരുകുകയാണ്.
ജനത്തിന് നേരാംവണ്ണം റേഷന്‍ അരിപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. കേന്ദ്രപദ്ധതികളുടെ ഫണ്ട് ഉപയോഗിച്ച് കാര്യങ്ങള്‍ നടത്തിയിട്ട് എല്ലാം സംസ്ഥാനത്തിന്റെ നേട്ടമാണെന്ന് വീമ്പുപറയുകയാണ് സര്‍ക്കാര്‍. വടക്കാഞ്ചേരി പീഡനത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍സ്പീക്കര്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ജാതി രാഷ്ട്രീയം കളിച്ചും മതപ്രീണനം നടത്തിയും ഭരണത്തില്‍ വരുന്ന മുന്നണികളാണ് ബി.ജെ.പിയിലും ബി.ഡി.ജെ.എസിലും ജാതിയാണെന്നു പറഞ്ഞ് ബഹളംകൂട്ടുന്നതെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ എന്‍.ഡി.എ സംസ്ഥാന കണ്‍വീനറും ബി. ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍.ഡി.എ സഖ്യം അടുത്ത തിരഞ്ഞെടുപ്പിനുമുമ്പായി പ്രവര്‍ത്തനം ഏറ്റവും താഴേത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post