ഗാസിയാബാദ്: കാറിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചു.അപകടത്തില്‍ കാര്‍ ഉടമയ്ക്കും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫറൂക്കാനഗറിലെ അസലാത്പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. പടക്ക നിര്‍മ്മാണ ശാല നടത്തുന്ന റിസ്വാന്റെ (29) ആള്‍ട്ടോ കാറിലാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നടക്കുന്ന ഒരു വിവാഹ ആവശ്യത്തിനായി തയ്യാറാക്കിയ പടക്കങ്ങളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പടക്കം ഡല്‍ഹിയില്‍ കൊണ്ടു കൊടുക്കാന്‍ പോകുന്നതിന് മുന്നോടിയായി വസ്ത്രം മാറി വരാനായി റിസ്വാന് വീട്ടിനുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം. കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. ഈ സമയത്ത് റിസ്വാന്റെ മകന് ഫര്ഹാന്(9) മകള്‍ അക്ഷ(6), സഹോദരന്റെ മകള്‍ സരിക(3) അനന്തരവനായ ഫര്ഹാന്(8) എന്നിവര്‍ കാറിനുള്ളില്‍ കയറി മ്യൂസിക് സിസ്റ്റം ഓണാക്കി പാട്ട് കേള്‍ക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ റിസ്വാന് കാറിന്റെ വാതില്‍ തുറന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. റിസ്വാനും പുറത്ത് കളിച്ചു കൊണ്ടു നിന്ന ക്രിഷ് എന്ന ബാലനും പരിക്കേറ്റു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.
കാറിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന സിഗററ്റ് ലൈറ്റര്‍ ഉപയോഗിച്ച് കുട്ടികള്‍ കളിച്ചതോ കാറിനുള്ളിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടോ ആകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ക്രിഷിന്റെ പിതാവ് റിസ്വാനെതിരെ പോലീസില്‍ പരാതി നല്കി. ഇയാള്‍ക്കെതിരെ സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത കുറ്റം ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post