പത്തനംതിട്ട: ബിജെപിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് സാക്ഷരതാ യജ്ഞത്തിനു തുടക്കമിടാന്‍ തീരുമാനമായി. ചരല്‍ക്കുന്നില്‍ അവസാനിച്ച സംസ്ഥാന പ്രവര്‍ത്തക ശിബിരത്തിലാണ് തീരുമാനം. ഇതിനായി യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ ഭവനസന്ദര്‍ശനം ഉടന്‍ ആരംഭിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനിലവാരം വിലയിരുത്താനും ബിജെപിയിലെ മുന്നണി സംവിധാനം വിപുലപ്പെടുത്തുന്നതിനും വേണ്ടി ജനുവരി 18ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഇതിനു മുന്നോടിയായി 16, 17 തീയതികളില്‍ അവിടെതന്നെ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗവും നടക്കും.
പാര്‍ട്ടിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നടക്കുന്ന ദുഷ്പ്രചാരണങ്ങളെ ചെറുക്കാന്‍ ജനുവരി എട്ടു മുതല്‍ 12 വരെ സംസ്ഥാനത്ത് കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി പ്രചാരണ ജാഥ എന്ന പേരില്‍ നാലിടത്ത് മേഖല ജാഥകള്‍ നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ നയിക്കും. ബിജെപിയുടെ ഇനി വരുന്ന പൊതുപരിപാടികളിലും മറ്റും പ്ലാസ്റ്റിക് ഒഴിവാക്കുവാന്‍ തീരുമാനിച്ചു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കും.
ജലസ്വരാജ് സന്ദേശ പ്രചാരണത്തിന് സംസ്ഥാനത്ത് 15,000 പ്രവര്‍ത്തകരെ സജ്ജരാക്കും. കേരളത്തില്‍ പൊതുവിതരണ സമ്പ്രദായം കുത്തഴിഞ്ഞതായും അരി കൊടുക്കാന്‍ ഗതിയില്ലാത്ത സര്‍ക്കാരാണ് നോട്ട് പ്രശ്‌നത്തിന്റെ പേരില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നതെന്നു കെ. സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ ഗാനത്തോടെയാണ് ശിബിരം സമാപിച്ചത്.
Discussion about this post