ബെയ്റൂട്ട്: ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് കയറ്റി 12 പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഒരു ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ബെര്‍ലിന്‍ ദൗത്യം ഏറ്റെടുത്ത ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമം നടത്തിയതെന്ന് അമാഖ് ഓണ്‍ലൈന്‍ ഏജന്‍സി പുറത്ത് വിട്ട പ്രസ്ഥാവനയില്‍ പറയുന്നു. അതേസമയം അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് പാഞ്ഞുകയായിരുന്നു. സംഭവത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 50ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന മുതല്‍ തന്നെ ഭീകരവാദി ആക്രമണമാണെന്ന സംശയം ഉയര്‍ന്നിരുന്നു. പടിഞ്ഞാറന്‍ ബെര്‍ലിനിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മാരകമായ കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. സംഭവം നടന്നത് ചന്തയില്‍ തിരക്ക് കൂടുതലുള്ള സമയത്തായിരുന്നു. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം ഐഎസ് ഭീകരരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി നടത്തിയ ഭീകരാക്രമണമായിരുന്നു അത്. അന്നത്തെ ആക്രമണത്തില്‍ 86 പേരായിരുന്നു കൊല്ലപ്പെട്ടത്.
Discussion about this post