ഡല്‍ഹി: ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ തടയാനായില്ലെങ്കില്‍ കേരളത്തിന്റെ ക്രമസമാധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ബിജെപി. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവാണ് കേരളസര്‍ക്കാറിന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം അനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ കീഴിലുള്ള വിഷയമാണ്. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിക്കെതിരെ അക്രമം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തില്‍ ഇടപെടാനുള്ള ഭരണഘടനാ പരമായ സാധ്യതകള്‍ പരിശോധിക്കും -അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുമെന്ന് നവംബര്‍ അവസാനം കേരള മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും കേരളത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണങ്ങള്‍ തുടരുകയാണ്. സി.പി.ഐ.എം അതിക്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിമലയുടേതാണ് ഏറ്റവുമൊടുവിലത്തെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു. ഈ സംഭവത്തിനു മുമ്പ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അതിനു കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ സാധ്യതകള്‍ ആരായുമെന്നും റാവു പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന് തുടര്‍ന്ന് കഴിഞ്ഞദിവസം നാലു ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സിപിഎമ്മിന്റെ ദളിത് പീഢനങ്ങള്‍ക്കെതിരെ കോട്ടയത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സിപിഎം പതാക കത്തിച്ച എഴുത്തുകാരന്‍ കമല്‍ സി ചവറയെ ചിലര്‍ ആക്രമിച്ചിരുന്നു. മോറല്‍ പോലിസിംഗ് ആരോപിച്ച് തൃശ്ശൂരില്‍ യുവാവിനെ നഗ്നനായി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവവും നാടിനെ ഞെട്ടിച്ചു.
Discussion about this post