തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി വി.എസ്.അച്യുതാനന്ദന്‍ സമരവേദിയിലെത്തി. എസ്എഫ്‌ഐയുടെ സമരപ്പന്തലിലാണ് വിഎസ് സന്ദര്‍ശനം നടത്തിയത്. ആവശ്യമുള്ളതില്‍ കൂടപതല്‍ ലോ അക്കാദമി കൈവശം വെയ്ക്കുന്നുവെന്നും അത് തിരിച്ചു പിടിക്കണമെന്നും വിഎസ് ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി മന്ത്രി സി.രവീന്ദ്രനാഥ് ഇന്നു വൈകിട്ടു നാലിനു ചര്‍ച്ച നടത്തും. ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചും പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടും വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാമ് സര്‍ക്കാരിന്റെ നടപടി.
അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി തിങ്കളാഴ്ച തുടങ്ങിയ തെളിവെടുപ്പു പൂര്‍ത്തിയായി. രേഖകളുടെ പരിശോധനയും ഹോസ്റ്റലിലെ ക്യാമറ ഉള്‍പ്പെടെ സംവിധാനങ്ങളുടെ പരിശോധനയും ഇന്നു നടത്തും. ഉപസമിതി ഇന്നലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു. ഉപസമിതി മുന്‍പാകെ പരാതിയുമായി എത്തിയവരില്‍ ഭൂരിപക്ഷവും പ്രിന്‍സിപ്പലിന്റെ ഇടപെടല്‍ മോശമാണെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ സുതാര്യതയില്ലെന്നുമാണു പരാതിപ്പെട്ടത്. 30 അധ്യാപകരും ഇന്നലെ മൊഴി നല്‍കി. ഇവര്‍ മാനേജ്‌മെന്റിന് അനുകൂല നിലപാടെടുത്തു എന്നാണു സൂചന. അതിനിടെ, വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ ഫോണില്‍ അധിക്ഷേപകരമായി സംസാരിക്കുന്നതിന്റെ ഓഡിയോ ഇന്നലെ പുറത്തു വന്നു. സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട് 28നു ചേരുന്ന സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ച ചെയ്തു തുടര്‍നടപടി തീരുമാനിക്കും.
ഇന്നലെയും ഉപസമിതി മുന്‍പാകെ പരാതി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളുടെ നീണ്ട നിരയായിരുന്നു. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഇന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സമരപ്പന്തല്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post