മാഡ്രിഡ്: യേശുക്രിസ്തുവിന്റെ മാതാവ് കന്യാമറിയം കന്യകയല്ലെന്ന വിവാദ പരാമര്‍ശം നടത്തിയ കന്യാസ്ത്രീക്ക് വധഭീഷണി. സ്പെയിനിലെ സിസ്റ്റര്‍ ലുസിയ കരമിനാണ് വധഭീഷണി. മേരി ഭര്‍ത്താവ് ജോസഫുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കാമെന്നും സിസ്റ്റര്‍ ലൂസിയ പറഞ്ഞിരുന്നു. പരാമര്‍ശം പുറത്ത് വന്നതിനെ തുടര്‍ന്ന് കന്യാസ്ത്രീയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.
ലൈംഗികതയും വിശ്വാസവും എന്ന വിഷയത്തില്‍ സ്പാനിഷ് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്. ‘മേരി ജോസഫുമായി പ്രണയത്തിലായിരുന്നു. അവര്‍ സാധാരണ ദമ്പതികളായിരുന്നു. അതുകൊണ്ടുതന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് സാധാരണ കാര്യമാണ്.’ എന്നാണ് ലുസിയ പറഞ്ഞത്.
ലൈംഗികത ദൈവാനുഗ്രമാണെന്നും എല്ലാ വ്യക്തിയുടെയും പ്രധാന ഭാഗമാണെന്നും സ്വയം പ്രകടനത്തിനുള്ള വഴിയാണെന്നും ലൂസിയ അഭിപ്രായപ്പെട്ടിരുന്നു. ‘വളരെക്കാലമായി സഭയ്ക്ക് ഈ വിഷയത്തില്‍ വളരെ മോശമായ മനോഭാവമാണ്. അതിനെപ്പറ്റി ചര്‍ച്ച ചെയ്യാതെ മറച്ചുവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സെക്സ് എന്നത് ഒരിക്കലും ഒരു വിലക്കുള്ള വിഷയമല്ല. അതിനെ നിഷേധിക്കുന്നത് ഒരു അനുഗ്രഹം നിഷേധിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ എന്നും അവര്‍ പറഞ്ഞിരുന്നു
ഇതോടെ കന്യാസ്ത്രീയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹര്‍ജിയുള്‍പ്പടെ പ്രതിഷേധം ശക്തമായി.സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി ലുസിയ രംഗത്തെത്തി. ഖേദം പ്രകടിപ്പിച്ചെങ്കിലും തന്റെ നിലപാട് അവര്‍ തിരുത്തിയിട്ടില്ല.
Discussion about this post