ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സെഞ്ചുറി കണ്ടെത്തിയ മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ കോലി 130 പന്തില്‍ നിന്നാണ് തന്റെ 16-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 10 ഫോറിന്റെ അകമ്പടിയോടെയായിരുന്നു കോലിയുടെ ഇന്നിങ്സ്. 111 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന കോലിക്കൊപ്പം 45 റണ്‍സുമായി അജിങ്ക്യെ രഹാനെയാണ് ക്രീസിലുള്ളത്. ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍.രാഹുലിനെ നഷ്ടമായി. ടസ്കിന് അഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ബൗള്‍ഡാകുകയായിരുന്നു. രണ്ടു റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുലിനെ നഷ്ടപ്പെട്ട ഇന്ത്യയെ കൈപ്പിടിച്ചിയുര്‍ത്തിയത് രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുരളി വിജയ്-ചേതേശ്വര്‍ പൂജാര സഖ്യമാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 50 ഓവറില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
മുരളി വിജയ് 160 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ പൂജാര 177 പന്തില്‍ 83 റണ്‍സ് നേടി മെഹ്ദി മിറാസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നീട് കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മുരളി വിജയിയെ തൈജുല്‍ ഇസ്ലാം ക്ലീന്‍ ബൗള്‍ഡാക്കി.
12 ഫോറും ഒരു സിക്സും മുരളി വിജയിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മുരളി വിജയ് നേടി. 33 സെഞ്ചുറിയടിച്ച സുനില്‍ ഗവാസ്ക്കറും 22 സെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗുമാണ് മുരളി വിജയിക്ക് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ക്ക് പകരം അജിങ്ക്യെ രഹാനക്ക് ഇടം നല്‍കിയാണ് കോലി അവസാന ഇലവനെ പ്രഖ്യാപിച്ചത്. പരമ്പരയില്‍ ഒരു ടെസ്റ്റ് മത്സരം മാത്രമാണുള്ളത്.
Discussion about this post