ബംഗളൂരു: ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള യോഗാ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ഹർജിക്കാരുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് കൊണ്ടായിരുന്നു പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ച ഹർജിക്കാർക്ക് കോടതി താക്കീതും നൽകി.
ചിക്കബല്ലപുരയിലെ നന്ദി ഹിൽസിലാണ് ഇഷ യോഗ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഇതിന് പുറമേ സംസ്ഥാന സർക്കാരിന്റെ പണം കൊണ്ടാണ് യോഗാ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സർക്കാരിൽ നിന്നും ഒരു രൂപ പോലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൈപ്പറ്റിയിട്ടില്ലെന്നും, ഫൗണ്ടേഷന് ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മാണമെന്നും, നേരായ മാർഗ്ഗത്തിലൂടെയാണ് ഭൂമിയുടെ ക്രയവിക്രയം നടന്നത് എന്നും ഇഷ ഫൗണ്ടേഷൻ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന രേഖകളും കൈമാറി. ഇത് പരിശോധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് സത്യവസ്ഥ ബോദ്ധ്യമാകുകയായിരുന്നു. ഇതിന് പുറമേ ഹർജിക്കാർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഫൗണ്ടേഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതും പരിഗണിച്ചായിരുന്നു ഹർജി തള്ളിയത്.
നേരായ ഉദ്ദേശ്യത്തോടെയല്ല ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. തങ്ങൾക്ക് മേൽ ക്രിമിനൽ കേസുകളുള്ള കാര്യം ഹർജിക്കാർ മറച്ചുവച്ചു. ഇത് ഗൗരവതരമാണ്. ഹർജിക്കാർ കോടതിയെ സമീപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് വേണം മനസ്സിലാക്കാനെന്നും കോടതി വ്യക്തമാക്കി.
Discussion about this post