എറണാകുളം: ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് പിന്നാലെ ആഡംബര ബെെക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. ബിഎംഡബ്ല്യു 1250 ജിഎസ് ബൈക്കാണ് താരം വാങ്ങിയത്. സൂപ്പർ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നതായി മഞ്ജുവാര്യർ നേരത്തെ അറിയിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോ മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ആഡംബരത്തിന്റെ അവസാന വാക്കായാണ് ബിഎംഡബ്ല്യു 1250 ജിഎസ് ബൈക്കിനെ കണക്കാക്കുന്നത്. ഏകദേശം 22 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ വില.
കഴിഞ്ഞ മാസമാണ് മഞ്ജുവാര്യർക്ക് ഇരു ചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചത്. അജിത് നായകനായ തമിഴ് ചിത്രം തുനിവിന്റെ ഷൂട്ടിംഗിനിടെ അദ്ദേഹത്തോടൊപ്പം മഞ്ജു ബൈക്കിൽ ലഡാക്കിലേക്ക് യാത്ര പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹം നടി പ്രകടിപ്പിച്ചത്. ലൈസൻസ് എടുത്ത ശേഷമേ വാഹനം വാങ്ങുകയുള്ളൂവെന്നും നടി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ലൈസൻസിനായുള്ള നടപടികൾ ആരംഭിച്ചത്.
അതേസമയം ഈ വർഷം അജിത് 60 ദിവസം നീളുന്ന ബൈക്ക് യാത്ര നടത്തുന്നുണ്ട്. ഇതിൽ പുതിയ ബൈക്കുമായി മഞ്ജുവും പങ്കെടുക്കുമെന്നാണ് സൂചന.












