ഇടുക്കി; യൂണിഫോമിൽ പൊതുപരിപാടിക്കിടെ നൃത്തം ചെയ്ത ശാന്തൻപാറ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. നൃത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതോടെയാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇവരുടെ റിപ്പോർട്ടും മൂന്നാർ ഡിവൈഎസ്പിയുടെ റിപ്പോർട്ടും പരിഗണിച്ച് എറണാകുളം റേഞ്ച് ഡിഐജിയാണ് എസ്‌ഐ കെപി ഷാജിയെ സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം പ്രമാണിച്ച് സുരക്ഷയൊരുക്കാനും ക്രമസമാധാന പാലനത്തിനുമായിരുന്നു പോലീസ് സംഘമെത്തിയത്. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന പ്രശസ്തമായ ഗാനം ഉച്ചഭാഷണിയിൽ കേട്ടതോടെ എസ്‌ഐ മതിമറന്ന് കാണികൾക്കിടയിലേക്ക് ഇറങ്ങി ഡാൻസ് കളിക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ നോക്കിനിൽക്കെയായിരുന്നു എസ്‌ഐയുടെ നൃത്തം.
ഉത്സവം കാണാൻ എത്തിയവരാണ് ദൃശ്യങ്ങൾ പകർത്തിയത്. നൃത്തം അതിരുവിട്ടതോടെ സ്ഥലത്തുണ്ടായിരുന്ന ഏതാനും ചെറുപ്പക്കാർ എസ്‌ഐയെ പിടിച്ചു മാറ്റുകയായിരുന്നു. കാണികൾക്ക് നന്ദിസൂചകമായി ഫ്‌ളൈയിംഗ് ക്വിസ് നൽകിയാണ് എസ്‌ഐ നൃത്തം അവസാനിപ്പിക്കുന്നത്.












