മുംബൈ: രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാരെ ബാധിക്കില്ലെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്‌മണ്യൻ.സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ 2000ന്റെ നോട്ടുകൾ ഉപയോഗത്തിലില്ലെന്നും 10 ശതമാനം മാത്രമാണ് പ്രചാരത്തിലുള്ളതെന്നും മുൻ സിഇഎ പറഞ്ഞു. മിക്ക സാധാരണക്കാരും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതും മറ്റൊരു കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കം നല്ലതാണ് എന്ന് പറഞ്ഞ അദ്ദേഹം 2,000 നോട്ടുകൾ ചിലർ പൂഴ്ത്തി വയ്ക്കാൻ ഉപയോഗിച്ചെന്ന് പറഞ്ഞു. 2,000 രൂപ നോട്ടുകളുടെ പിൻവലിക്കലിനെ സ്വാഗതം ചെയ്യുന്നതിന്റെ ആറ് കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യത്ത് അടുത്തിടെ നടന്ന പല റെയ്ഡുകളിലും പിടിച്ചെടുത്ത പണങ്ങളിൽ ഭൂരിഭാഗവും 2,000 രൂപ നോട്ടുകളായിരുന്നു. ഇത്തരത്തിൽ 2000 രൂപ കറൻസികൾ വ്യാപകമായി പൂഴ്ത്തിവെക്കുന്നതിനാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമായി. 80% ആളുകളും 2000 രൂപ നോട്ടുകൾ നിയമാനുസൃതമായി സൂക്ഷിക്കുകയാണെങ്കിൽ, അവർ മൊത്തത്തിലുള്ള മൂല്യത്തിന്റെ 20% മാത്രമേ സംഭരിക്കാൻ സാധ്യത കാണുന്നുള്ളൂ.
അങ്ങനെ നോക്കുമ്പോൾ പണം സംഭരിക്കുന്നവരിൽ 20% 2000 നോട്ടുകൾ പൂഴ്ത്തിവെപ്പുകാർ ആയിരിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾക്കായി 2000 രൂപ നോട്ടുകൾ വൻതോതിൽ ഉപയോഗിക്കാത്തതിനാൽ ഈ നീക്കം സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിച്ചതിനാൽ കറൻസി നോട്ടുകളുടെ, പ്രത്യേകിച്ച് 2,000 നോട്ടുകളുടെ ഇടപാടുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.








