തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകളുടെ വാസ്തവം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊല്ലത്ത് വ്യവസായി ആയിട്ടുള്ള ഒരാള്‍ ശബരിമല ദര്‍ശനത്തിന് വിഐപി സൗകര്യം ഒരുക്കി നേട്ടം ഉണ്ടാക്കുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആ വ്യക്തിക്കൊപ്പമാണ് യുവതികള്‍ എത്തിയതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രായപരിധി പാലിച്ചുള്ള സ്ത്രീ പ്രവേശനത്തിന് ശബരിമലയില്‍ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
വിഷുവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഈ മാസം 11 നാണ് യുവതികള്‍ സോപാനത്ത് പ്രവേശിച്ചതായി പറയുന്നത്. പാലക്കാട് സ്വദേശികളായ ഒരു സംഘം യുവതികളാണ് ശബരിമലയിലെത്തിയത്. പത്തിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്നാണ് വിശ്വാസം. എന്നാല്‍ ഈ യുവതികള്‍ പമ്പയില്‍ നിന്നും തടസ്സങ്ങളൊന്നുമില്ലാതെയാണ് മല കയറിയത് എന്നാണ് ആക്ഷേപം. പമ്പയില്‍ യുവതികളായ സ്ത്രീകളെ തടയുന്നതിന് നിയോഗിക്കപ്പെട്ട പൊലീസ് ഇവരെ തടഞ്ഞില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ സോപാനത്തെത്തി വിഐപികളെ പോലെ ദര്‍ശനം നടത്തുകയും ചെയ്തു. ഇവര്‍ ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സന്നിധാനം പൊലീസ് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും വയസ്സ് തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകള്‍ ഒന്നും ഹാജരാക്കാതെ ഇവര്‍ മടങ്ങിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
സ്ത്രീകള്‍ ശബരിമലയില്‍ തൊഴുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ശബരിമലയിലെ സ്ഥിരം സാന്നിദ്ധ്യവുമായ ആളാണ് യുവതികളായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള സഹായം ചെയ്ത് കൊടുത്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
Photo at sanctum sanctorum of Sabarimala reportedly on 11.04.2017. Hope these girls are above 50! pic.twitter.com/c4XU92OVGp
— TG Mohandas (@mohandastg) April 12, 2017
Discussion about this post