മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് സ്ഥാപിച്ച പുതിയ മരക്കുരിശ് നീക്കം ചെയ്തു. ആരാണ് ഇത് നീക്കം ചെയ്തതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കല്‍പ്പറ്റ സ്വദേശി രാജുവും, രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നു പുലര്‍ച്ചെ ശാന്തന്‍പാറ പൊലീസാണ് സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്മാന് ടോം സക്കറിയയുടെ ഉടമസ്ഥതയിലുളള പിക്കപ്പ് വാനില്‍ ഇവര്‍ വരുമ്പോള്‍ പിടികൂടിയത്.
വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവസ്ഥലത്ത് ഇവരെ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയായിരിക്കാം മരക്കുരിശ് നീക്കം ചെയ്തതെന്നാണ് വിവരങ്ങള്‍. കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിന്നക്കനാല്‍ വില്ലേജ് ഓഫിസറോട് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലം ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും.
ഇന്നലെയാണ് റവന്യു വകുപ്പ് കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് പുതിയ മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. ജെസിബി ഉപയോഗിച്ച് ഭൂസംരക്ഷണ സേന പൊളിച്ച് നീക്കിയ പഴയ ലോഹക്കുരിശിന്റെ സ്ഥാനത്തായിരുന്നു പുതിയ മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. ഇത് സംബന്ധിച്ച് ശാന്തന്‍പാറ പൊലീസില്‍ ഇന്നലെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചതുമായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചടി ഉയരമുളള മരക്കുരിശ് കാണാതായത്. പുതിയ കുരിശ് സ്ഥാപിച്ചതുമായി സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയ്ക്ക് ബന്ധമില്ലെന്ന് അനുഭാവികള്‍ വ്യക്തമാക്കിയിരുന്നു.
ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇവിടം പുറമ്പോക്ക് ഭൂമിയാണ്. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് ആദ്യം സ്ഥാപിച്ചിരുന്നത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിരുന്നു.
ഏപ്രില്‍ 20 വ്യാഴാഴ്ച ജില്ലാ ഭരണകൂടം ഈ കുരിശ് നീക്കം ചെയ്തതിനെ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി വിമര്‍ശിച്ചിരുന്നു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലും കുരിശ് പൊളിച്ചുനീക്കിയതും വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് പാപ്പാത്തിചോലയില്‍ രണ്ടാമത്തെ മരക്കുരിശ് പ്രത്യക്ഷപ്പെടുന്നതും.
Discussion about this post