തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച പ്രമേയം നിയമ സഭ പാസ്സാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.
കേന്ദ്രത്തിന്റേത് സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി കേന്ദ്രം പുറത്തിറക്കിയതാണ് വിജ്ഞാപനമെന്നും നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പിണറായി വിജയന് ആവശ്യപ്പെട്ടു.
ദൂരവ്യാപകമായ പ്രത്യാഘാതമാണ് കേന്ദ്രത്തിന്റെ നീക്കത്തിലൂടെ ഉണ്ടാവുക. ജനങ്ങളുടെ തൊഴില്‍, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തീരുമാനമാണിത്. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലാത്തതും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമാണ്. എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണ്. വിജ്ഞാപനം കൊണ്ടുവന്നതിലൂടെ സാധാരണക്കാരന്റെ അടുക്കളയില്‍ കടന്നു കയറാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്. ആരോഗ്യ പ്രതിസന്ധിക്കുവരെ ഈ നിയന്ത്രണം ഇടയാക്കും.
സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരത്തിലേര്‍പ്പെട്ടിട്ടുള്ള അഞ്ച് ലക്ഷം പേരെ നേരിട്ട് ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം. ഉപജീവന മാര്‍ഗമാണ് ഇതിലൂടെ ഇല്ലാതാവുന്നത്.
നിയന്ത്രണം കര്‍ഷകര്‍ക്കു തിരിച്ചടിയായിരിക്കുകയാണ്. അതു വിലക്കയറ്റത്തിന് ഇടയാക്കും. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തീരുമാനം കന്നുകാലി കൃഷിയെയും ദോഷകരമായി ബാധിക്കും. കന്നുകാലി ചന്തകളില്‍ നിന്നാണ് കൃഷിക്കും പാലുല്‍പാദനത്തിമെല്ലാം കേരളത്തില്‍ കാലികളെ വാങ്ങുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാകും. പാലുല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. കറവ വറ്റിയ കന്നുകാലികളെ ചന്തയില്‍ വിറ്റിട്ടാണ് കര്‍ഷകര്‍ പുതിയവയെ വാങ്ങിയിരുന്നത്. അതിന് കഴിയാതെ വരുമ്പോള്‍ പ്രായമായ കന്നുകാലികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ അധികം തുക മുടക്കേണ്ടിവരും. എകദേശം 40,000 രൂപയോളം ഒരു കന്നുകാലിക്ക് വര്‍ഷത്തില്‍ ചെലവാക്കേണ്ടിവരും. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാപനത്തിനുപിന്നില് ഗോവധ നിരോധനമെന്ന രഹസ്യ രാഷ്ട്രീയ അജണ്ടയാണ്. മൃഗശാലയില്‍ മൃഗങ്ങള്‍ക്കു ഭക്ഷണം ലഭിക്കാതെ വരുമെന്നും പ്രമേയം അവതരിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post