അമരാവതി: തെലുങ്ക് താരം അല്ലു അർജുനെതിരെ കേസ്. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പ്രചാരണത്തിനിടെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയിൽ ആണ് നടപടി. അല്ലു അർജുന് പുറമേ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ ചന്ദ്രകിഷോർ റെഡ്ഡിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഡെപ്യൂട്ടി തഹസിൽദാർ പി. രാമചന്ദ്ര റാവു ആണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നന്ദ്യാലയിൽ അല്ലു അർജുൻ എത്തിയത്. എന്നാൽ പ്രചാരണത്തിന് താരത്തെ എത്തിക്കാൻ പാർട്ടി ബന്ധപ്പെട്ടവരിൽ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ഇതാണ് നടപടിയ്ക്ക് കാരണം ആയത്.
അല്ലു അർജുൻ എത്തുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് നഗരത്തിൽ തടിച്ച് കൂടിയത്. ഇതേ തുടർന്ന് ഗതാഗത തടസ്സം ഉൾപ്പെടെ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി തഹസിൽദാർ തീരുമാനിച്ചത്. നിരോധനാജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ.
തിങ്കളാഴ്ച മുതലായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ആയത്. ഇന്നലെ പ്രചാരണത്തിനായി എത്തിയ അല്ലു അർജ്ജുൻ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമായിരുന്നു പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. അതേസമയം താൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും, സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയാണ് മണ്ഡലത്തിൽ എത്തിയത് എന്നുമായിരുന്നു അല്ലു അർജ്ജുന്റെ പ്രതികരണം.
Discussion about this post