തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആയത്.
പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെന്നാൾ പത്തനംതിട്ടയിൽ യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് കുറുകെയായാണ് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി. ഇവയുടെ സ്വാധീനമാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.
അതേസമയം ഇക്കുറി കാലാവർഷം ജൂൺ ആദ്യം തന്നെ കേരളത്തിൽ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 18 ഓടെ കാലവർഷം ആൻഡമാൻ തീരത്ത് എത്തും. അതിനാൽ ഇക്കുറി കാലവർഷം വൈകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം കാലവർഷം എട്ട് ദിവസം വൈകിയിരുന്നു.
Discussion about this post