മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി. പാത്തുകൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. കാഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
ഇന്നലെ വൈകീട്ടോടെയായിരുന്നു സക്കീർ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയായിരുന്നു.
ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം അതിവേഗം പടർന്ന് പിടിക്കുകയാണ്. നിലമ്പൂർ മേഖലയിലാണ് രോഗം കൂടുതൽ വ്യാപിക്കുന്നത്. ഇതിനോടകം തന്നെ ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചുള്ള മൂവായിരം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവർത്തകരുടെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കേ ജില്ലയിൽ രോഗം അതിവേഗം പടർന്നുപിടിയ്ക്കുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മഴക്കാലം തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലായേക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വീടുകൾ തോറിയുള്ള ബോധവത്കരണം ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Discussion about this post