ഡല്‍ഹി: ആസാമിലും അരുണാചല്‍ പ്രദേശിലും അഫ്സ്പ നിയമ പ്രകാരം വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലേയും അഫ്സ്പ നിയമത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം വിശദീകരണം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം കഴിഞ്ഞ 27 വര്‍ഷമായി ആസാം സംസ്ഥാനം മൊത്തത്തില്‍ അഫ്സ്പ നിയമത്തിന് കീഴിലാണ് വരുന്നത്. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിലെ മൂന്ന് ജില്ലകളും സംസ്ഥാനത്തെ 16 പോലീസ് സ്റ്റേഷന് പരിധികളും നിയമത്തിന് കീഴില്‍ വരുന്നതാണ്. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ സാധാരണ ജീവിതം നയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
പ്രശ്നബാധിത പ്രദേശങ്ങളില്‍ നിയമം ലംഘിക്കുന്നവരെ സായുധസേനയ്ക്ക് എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വയ്ക്കാനും വെടിവയ്ക്കാനും അധികാരം നല്കുന്ന നിയമമാണ് 1958-ല്‍ നിലവില്‍ വന്ന അഫ്സ്പ. നാഗാലാന്‍ഡ്, അസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശിന്റെ ചിലഭാഗങ്ങള്‍, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്സ്പ നിലനില്‍ക്കുന്നത്.
അഫ്സ്പ മൂന്നുമാസമായി കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും പിന്‍വലിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ അരുണാചല്‍ പ്രദേശിന്റെയും അസാമിന്റെയും കാര്യത്തിലാണ് തീരുമാനമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Discussion about this post