ഡല്‍ഹി: വൈക്കം സ്വദേശിനി അഖില(ഹാദിയ)യുടെ കേസ് ലൗ ജിഹാദല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാനുള്ള സുപ്രീം കോടതി നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു രാഹുലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാദിയയുടെ മാതാപിതാക്കള്‍ക്കൊപ്പം നില്ക്കുന്പോള്തന്നെ ഹാദിയയ്ക്ക് അവളുടേതായ ജനാധിപത്യ അവകാശങ്ങളുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. താന്‍ പിതാവിന്റെ മര്‍ദനത്തിന് ഇരയാകുകയാണെന്നും വരും ദിവസങ്ങളില്‍ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സുപ്രീം കോടതിക്കു മുന്നില്‍ സമര്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.നവംബര്‍ 27ന് വൈകിട്ട് മൂന്നിന് മുന്‍പ് ഹാദിയയെ സുപ്രീം ഹാജരാക്കാന്‍ പിതാവ് അശോകനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും വാദം കേള്‍ക്കാമെന്നും കോടതി ഉത്തരവിട്ടു.
ഹാദിയയെ മനശാസ്ത്രപരമായി തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും ഇതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നുമാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ വാദിച്ചത്. ഹാദിയയെ വിവാഹം ചെയ്ത ഷെഫിന് ജെഹാന് ക്രിമിനല്‍ പശ്ചാത്തലമുള്ള ആണാണെന്നും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് യുവാവിന്റെ പിന്നിലെന്നും ഹാദിയയുടെ പിതാവ് അശോകനും കോടതിയെ അറിയിച്ചു.
ഈ വാദങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ആദ്യം ഹാദിയയെ കേള്‍ക്കട്ടെ എന്ന് കോടതി വ്യക്തമാക്കിയത്. ഹാദിയയെ കേള്‍ക്കാതെ കേസ് മുന്നോട്ടുപോകാന്‍ കഴിയില്ല. സുരക്ഷ പ്രശ്നങ്ങളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ സംരക്ഷണം ഹാദിയയ്ക്കും കുടുംബത്തിനും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post